91 മണ്ഡ‍ലങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നു

91 മണ്ഡ‍ലങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നു. ആന്ധ്ര, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പും നടന്നു. യുപിയിലെ കൈരനയില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് വെടിവെച്ചു. ഛത്തീസ്ഗഡില്‍ പോളിങ് സ്റ്റേഷനു സമീപം സ്ഫോടനം നടന്നു. ബംഗാളില്‍ വോട്ടിങ് യന്ത്രം അജ്ഞാതന്‍ തട്ടിയെടുത്ത് തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ടിഎംസിയാണെന്ന് ബിജെപി ആരോപിച്ചു.

1279 സ്ഥാനാര്‍ഥികള്‍. 1,70,664 പോളിങ് സ്റ്റേഷനുകള്‍. 14,21,69,537 വോട്ടര്‍മാര്‍. ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പോരാട്ട ചിത്രം ഇങ്ങനെ. ഛത്തീസ്ഗഡില്‍ 4 മാവോയിസ്റ്റുകളെ വന്‍ ആയുധശേഖരവുമായി പിടികൂടി. ‌യുപിയിലെ ചില മണ്ഡലങ്ങളില്‍ പട്ടിക വിഭാഗക്കാരെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ബിഎസ്പിയും മുസ്‍ലിംങ്ങളെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസും പരാതിപ്പെട്ടു. കൈരനയിലെ ഷാംലിയില്‍ തിരിച്ചറിയല്‍ രേഖകളില്ലാതെ വോട്ടുചെയ്യാന്‍ വന്നവര്‍ ആക്രമത്തിന് തുനിഞ്ഞപ്പോഴാണ് ജില്ലാ മജിസ്ട്രേറ്റിന്‍റെ നിര്‍ദേശപ്രകാരം പൊലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തത്. നമോ എന്ന പേര് അച്ചടിച്ച ഭക്ഷണപ്പൊതികള്‍ യുപിയിലെ നോയ്ഡയില്‍ പൊലീസുകാര്‍ക്ക് വിതരണം ചെയ്തതും വിവാദമായി. ബിജ്നോറില്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയാല്‍ ബിജെപി പോകുന്നുവെന്ന് പരാതിയുയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ബംഗാളിലെ കൂച്ച്‌ ബെഹാറില്‍ ടിഎംസിയുടെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വികെ സിങ്, മഹേഷ് ശര്‍മ്മ, കിരണ്‍ റിജ്ജു, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഷരീഷ് റാവത്ത്, ജാട്ട് നേതാവും ആര്‍എല്‍ഡി അധ്യക്ഷനുമായ അജിത് സിങ്, മകന്‍ ജയന്ത് ചൗധരി എന്നിവര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖരാണ്.

ലോക്സഭയ്ക്ക് പുറമെ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് മരണം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടിഡിപി പ്രവര്‍ത്തകരാണ് മരിച്ചത്. അനന്ത്നഗറില്‍ ജനസേന പാര്‍ട്ടി സ്ഥാനാര്‍ഥി വോട്ടിങ്ങ് മെഷീന്‍ എറിഞ്ഞു തകര്‍ത്തു. വോട്ടിങ്ങ് മെഷീനുകള്‍ വ്യാപകമായി തകരാറിലായെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു. തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

കടപ്പ, വിശാഖപട്ടണം, ഗുണ്ടൂര്‍ തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് – ടി.ഡി.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോള്‍ പലയിടത്തും പൊലീസിന് ലാത്തിവീശേണ്ടിവന്നു. അനന്ത്നഗറിലുണ്ടായ സംഘഷര്‍ത്തിനിടെയാണ് രണ്ട് പ്രവര്‍ത്തകര്‍ മരണപെട്ടത്. ടി.ഡി.പി പ്രവര്‍ത്തകര്‍ ബൂത്തുകയ്യേറിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. വോട്ടിങ്ങ് യന്ത്രത്തില്‍ പേര് രേഖപ്പെടുത്തിയത് വ്യക്തതയില്ലെന്ന് ആരോപിച്ച്‌ ജനസേന പാര്‍ട്ടി സ്ഥാനാര്‍ഥി മധുസൂദനന്‍ ഗുപ്ത രംഗത്തെത്തി. അനന്തപൂരിലെ ബൂത്തില്‍ കയറി വോട്ടിങ്ങ് മെഷീന്‍ എറിഞ്ഞു തകര്‍ത്ത സ്ഥാനാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വോട്ടിങ്ങ് യന്ത്രങ്ങള്‍ തകരാറിലായ ബൂത്തുകളില്‍ റീ പോളിങ്ങ് വേണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.

എന്നാല്‍ 319 വോട്ടിങ്ങ് മെഷീനുകള്‍ക്ക് തകരാറുകള്‍ ഉണ്ടായിരുന്നെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. അതിനിടെ ടിഡിപി നേതാക്കള്‍ വോട്ട് ചെയ്യാന്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു

വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പ്രമുഖരടക്കം നിരവധിപേര്‍ രംഗത്തെത്തിയതും വിവാദമായി. മാവോയിസ്റ്റ് ഭീഷണി നില നില്‍ക്കുന്ന ചത്തീസ്ഗഡ്ഡിലെ ബസ്തറിലടക്കം കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. ചത്തീസ്ഗഡ്ഡിലെ പോളിങ് ബൂത്തിന് സമീപം സ്ഫോടനം നടന്നെങ്കിലും ആളപായമുണ്ടായില്ല. ആയുധങ്ങളുമായി നാല് മാവോയിസ്റ്റുകളെ പിടികൂടിയിട്ടുമുണ്ട്.