കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ മേധാവി ജയിംസ് കോമിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി

fbi

അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ മേധാവി ജയിംസ് കോമിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. തെരഞ്ഞെടുപ്പ് എതിരാളിയായ ഹിലരി ക്ളിന്റണിന്റെ വിവാദ ഇ-മെയിലുകളുമായി ബന്ധപ്പെട്ട കേസുകളില്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് ആരോപിച്ചാണ് പുറത്താക്കല്‍.

ട്രംപിന്റെ അപ്രതീക്ഷിത നീക്കം അമേരിക്കയെ ഞെട്ടിച്ചു. ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ റഷ്യക്കുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ചതോടെയാണ് കോമിയെ പുറത്താക്കിയതെന്ന് ആരോപിച്ച് ഡെമോക്രാറ്റിക് പാര്‍ടി നേതാക്കള്‍ രംഗത്ത് എത്തി. റിപ്പബ്ളിക്കന്‍ പാര്‍ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. കോമിയുടെ പകരക്കാരനായുള്ള തെരച്ചില്‍ തുടരുകയാണ്. അമേരിക്കിയില്‍ ഇതു രണ്ടാംതവണയാണ് എഫ്ബിഐ തലവനെ പുറത്താക്കുന്നത്.

ബ്യൂറോ ഫലപ്രദമായി നയിക്കാന്‍ കോമി പ്രാപ്തനല്ലെന്ന യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫിന്റെ നിര്‍ദേശം അംഗീകരിക്കുന്നുവെന്ന് കോമിക്ക് അയച്ച കത്തില്‍ ട്രംപ് പറയുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കാലത്ത് ഇതേ കേസുമായി ബന്ധപ്പെട്ട് ട്രംപ് കോമിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. കേസ് വീണ്ടും അന്വേഷിക്കാനുള്ള കോമിയുടെ നിര്‍ദേശം തെരഞ്ഞെടുപ്പുവേളയില്‍ ഹിലരിക്ക് തിരിച്ചടിയായിരുന്നു.

ഹിലരിയുടെ ഇ- മെയിലുകള്‍ സംബന്ധിച്ച് കഴിഞ്ഞയാഴ്ച കോമി യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ചത് അവാസ്തവ റിപ്പോര്‍ട്ടുകളാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പുറത്താക്കല്‍. അന്വേഷണത്തിന്റെ അന്തിമ കണ്ടെത്തല്‍ അംഗീകരിക്കാനാകില്ലെന്ന് ട്രംപിന് ഒപ്പമുള്ളവര്‍ പ്രതികരിച്ചിരുന്നു. ഹിലരി അഭ്യന്തര സെക്രട്ടറി ആയിരിക്കെ ഔദ്യോഗിക ഇ മെയിലുകള്‍ സ്വകാര്യ സര്‍വറുകളില്‍ സൂക്ഷിച്ചു എന്നതാണ് അവര്‍ക്കെതിരായ ആരോപണം. എന്നാല്‍, സംഭവം അശ്രദ്ധ മാത്രമാണെന്നും കുറ്റകരമല്ലെന്നുമാണ് കോമി ജൂലൈയില്‍ പ്രതികരിച്ചത്.

ലൊസ് അഞ്ചലസില്‍ എഫ്ബിഐ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് താന്‍ പുറത്താക്കപ്പെട്ടവിവരം കോമി ടെലിവിഷനിലൂടെ അറിയുന്നത്. വാര്‍ത്ത വിശ്വസിക്കാന്‍ ആദ്യം കോമിക്ക് കഴിഞ്ഞില്ലെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു. ആകെയുള്ള പത്തുവര്‍ഷ കാലാവധിയില്‍ മൂന്നര വര്‍ഷം മാത്രമാണ് 56കാരനായ കോമി പൂര്‍ത്തിയാക്കിയത്.