ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇനി അപ്പാചി ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്ററും

apache helicopter

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ ഇനി അപ്പാചി ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്ററും. അമേരിക്കയിലെ അരിസോണയിലുള്ള ഹെലികോപ്റ്റര്‍ നിര്‍മ്മാണ ശാലയിലാണ് സേനയ്ക്ക് വേണ്ടിയുള്ള ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നത്. ആദ്യ അപ്പാചി ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്റര്‍ അധികൃതര്‍ ഏറ്റുവാങ്ങി.

അപ്പാചി ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്ററിന് വേണ്ടി ഇന്ത്യ കരാര്‍ ഒപ്പിട്ടത് 2015 സെപ്റ്റംബറിലാണ് 22 നാണ്. ജൂലൈയോടെ കടല്‍മാര്‍ഗ്ഗം ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കുള്ള പരിശീലനം അലബാമയില്‍ വച്ച്‌ നല്‍കി.
വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതും അവയുടെ ആധുനിക വത്കരണവും ലക്ഷ്യമിട്ടാണ് ഹെലികോപ്റ്ററുകള്‍ വാങ്ങിയത്. ആകാശത്ത് ദൂരം പാലിച്ച്‌ കൃത്യമായി ആക്രമണം നടത്താന്‍ ഈ ഹെലികോപ്റ്ററുകള്‍ക്ക് സാധിക്കും. ഏറെ പര്‍വ്വത മേഖലകളുള്ള ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഇവ കൂടുതല്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ. പ്രതികൂലമായ വ്യോമസാഹചര്യങ്ങളെ അനായാസം അതിജീവിക്കാനും ഭൂമിയില്‍ നിന്നുള്ള ഭീഷണികളെ നേരിടാനും ഈ ഹെലികോപ്റ്ററുകള്‍ക്ക് സാധിക്കും. ഭാവിയില്‍ കരസേനയ്ക്കും ഈ ഹെലികോപ്റ്ററുകള്‍ വളരെയേറെ ഉപകാരപ്പെടും.