ക്രൈസ്തവര്‍ക്കായി സംഘടന രൂപീകരിക്കാൻ ബി ജെപി ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

bjp

ക്രൈസ്തവര്‍ക്കായി സംഘടന രൂപീകരിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. ക്രൈസ്തവ സംരക്ഷണ സേനയെന്ന പേരില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ ഒരു വിങ് കൂടി രൂപീകരിക്കാനൊരുങ്ങുകയാണ് ബിജെപിയെന്ന് മാധ്യമ റിപ്പോർട്ട്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ നീക്കം.
കൊച്ചിയില്‍ നടക്കുന്ന ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘടനാ രൂപീകരണത്തിന്റെ മുന്നോടിയായി മെയ് 29 ന് ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതോടൊപ്പം അന്നേദിവസം ഉപവാസവും നടത്തുമെന്നും സൂചനയുണ്ട്. ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഹിന്ദുത്വം വലിയ അളവില്‍ പാര്‍ട്ടിക്ക് നേട്ടം സമ്മാനിക്കാത്തതിനാല്‍, ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച്‌ പാര്‍ട്ടിയെ വളര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.