കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: പഞ്ചായത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ജില്ലാ പോലീസ് മേധാവി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് കുന്നന്താനം പഞ്ചായത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഒപ്പം ആവശ്യമായ സൗകര്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കൂടുതലായ സാഹചര്യത്തില്‍ കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന്റെ അഭ്യര്‍ത്ഥനയില്‍ പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് ആര്‍. നിശാന്തിനി പഞ്ചായത്ത് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.  പഞ്ചായത്തിന്റെ എല്ലാ വഴികളും അടക്കും. അടിയന്തര ഘട്ടത്തില്‍ പുറത്തേക്ക് പോകുവാന്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി ചാഞ്ഞോടി, കീഴടി, ചെങ്ങരൂര്‍ ചിറ, നെടുങ്ങാടപ്പള്ളി ജംഗ്ഷനുകള്‍ തുറന്നു കൊടുക്കും. വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ചു. (ഫോണ്‍: 9496042612 , 8606724554) ആവശ്യമെങ്കില്‍ 24 മണിക്കൂറും സേവനം ഉറപ്പുവരുത്തി ആംബുലന്‍സ് ഏര്‍പ്പെടുത്തി.  മെഡിക്കല്‍ സ്റ്റോര്‍, റേഷന്‍കട, പെട്രോള്‍ പമ്പ് ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ഉച്ചക്ക് രണ്ടുവരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കുക, പ്രഭാത, സായാഹ്ന നടത്തം പൂര്‍ണ്ണമായി നിരോധിക്കുന്നതിനും അനാവശ്യമായ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിനും മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് യോഗത്തില്‍ തീരുമാനിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവല്ല ഡിവൈഎസ്പി സുനീഷ് ബാബു, കീഴ്വായ്പൂര് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ടി സഞ്ജയ്, നോഡല്‍ ഓഫീസര്‍ ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എന്‍ മോഹനന്‍, ബാബു കൂടത്തില്‍, മെഡിക്കല്‍ ഓഫീസര്‍ രശ്മി ആര്‍ നായര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ മധുസൂദനന്‍ നായര്‍, അംഗങ്ങളായ വി.എസ് ഈശ്വരി, വി.സി മാത്യു, മിനി ജനാര്‍ദ്ദനന്‍, കെ.കെ രാധാകൃഷ്ണക്കുറുപ്പ്, മറിയാമ്മ, ധന്യാസജീവ്, വി.ജെ റജി, ഗ്രേസി മാത്യു, സ്മിത വിജയരാജ് , ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എസ്.വി സുബിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ഉന്നക്കാവ് ഐ.പി.സി ചര്‍ച്ച് മുതല്‍ അരുവിക്കല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 22, 24, 25, 30, 31, 39 (പൂര്‍ണ്ണമായും), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പൂര്‍ണ്ണമായും), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 2, 3, 7, 9, 12, 13 (പൂര്‍ണ്ണമായും), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ്  7, 13 (പൂര്‍ണ്ണമായും), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ചാന്തോലില്‍ കോളനി, പൊട്ടനവിക്കല്‍, വെള്ളയില്‍ കോളനി ഭാഗങ്ങള്‍ ), കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 11, 12 എന്നിവ കൂടിച്ചേരുന്ന ഊട്ടുകുളം ഭാഗം, വാര്‍ഡ് 5 (അംബേദ്കര്‍ കോളനി ഭാഗം), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കൊച്ചുമോലുംപുറം, അപ്പച്ചിമുക്ക് ഭാഗങ്ങള്‍, വാര്‍ഡ് 4 (മാതിരം പള്ളി, പള്ളിമുക്ക് ജംഗ്ഷനുകള്‍ക്ക് ഇടയില്‍ റോഡിന് തെക്കുവശം, എം.ജി മോഹന്‍ദാസ് റോഡില്‍ ആര്യാട്ടയില്‍പടി, ഇല്ലത്തുപാറ ഭാഗങ്ങള്‍)എന്നീ പ്രദേശങ്ങളില്‍ മേയ് 10 മുതല്‍ 7 ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്്.