മധ്യപ്രദേശിലെ മന്ദ്സോറില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ വെടിവച്ചുകൊന്ന ശിവ്രാജ്സിങ് സര്‍ക്കാരിന്റെ നടപടിക്കെതിരെ 14ന് രാജ്യമെങ്ങും പ്രതിഷേധദിനം ആചരിക്കും. ഇടത്- ജനാധിപത്യ കര്‍ഷക- കര്‍ഷകത്തൊഴിലാളി സംഘടനകളും മറ്റ് സാമൂഹിക സംഘടനകളും അടങ്ങിയ ഭൂമി അധികാര്‍ മഞ്ചാണ് പ്രതിഷേധദിനാചരണത്തിന് ആഹ്വാനം നല്‍കിയത്. വായ്പ എഴുതിത്തള്ളണമെന്നും വിളകള്‍ക്ക് ന്യായവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ ഒരു പ്രകോപനവുമില്ലാതെയാണ് വെടിവച്ചുകൊന്നത്. രാജ്യമെങ്ങും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 14ന് പ്രതിഷേധം സംഘടിപ്പിക്കും.
പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭവുമായി മുന്നോട്ട് വന്നുകഴിഞ്ഞു. വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാതെ പാപ്പരായ അവസ്ഥയിലാണ് കര്‍ഷകര്‍. കടബാധ്യതകൊണ്ട് ആത്മഹത്യയുടെ വക്കിലാണവര്‍. കൃഷിച്ചെലവിനുപുറമെ അതിന്റെ 50 ശതമാനം തുക വിളകള്‍ക്ക് ലഭ്യമാക്കുമെന്നായിരുന്നു 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ വാഗ്ദാനം. മൂന്നുവര്‍ഷത്തെ ഭരണത്തില്‍ ബിജെപി ഈ വാഗ്ദാനം പാലിക്കാതെ രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരെ വഞ്ചിച്ചു. കാര്‍ഷികമേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം നടപ്പാക്കുന്നതും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ഇ- വിപണി, മാതൃകാ കൃഷിനിയമം, കൃഷിഭൂമി കോര്‍പറേറ്റുകള്‍ ഏറ്റെടുക്കല്‍ തുടങ്ങി നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്.
കര്‍ഷകരുടെ പ്രക്ഷോഭങ്ങളോട് കേന്ദ്ര സര്‍ക്കാരും ശിവ്രാജ് സിങ് ചൌഹാന്‍ സര്‍ക്കാരും പുലര്‍ത്തുന്ന നിസ്സംഗസമീപനമാണ് മന്ദ്സോറില്‍ ആറു കര്‍ഷകരെ പൊലീസ് കൂട്ടക്കൊല ചെയ്യുന്നതിലേക്ക് നയിച്ചത്. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തി വരുംദിവസങ്ങളില്‍ ഭൂമി അധികാര്‍ മഞ്ച് കൂടുതല്‍ ശക്തമായ സമരങ്ങള്‍ നടത്തും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നവലിബറല്‍ നയങ്ങളാണ് കര്‍ഷകരുടെ ദുരിതത്തിലേക്ക് നയിക്കുന്നത്- ഭൂമി അധികാര്‍ മഞ്ച് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.