ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ സെമിയിൽ

ഐ.സി.സി. ചാമ്പ്യൻസ്​ ​ട്രോഫി ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ സെമിയിൽ പ്രവേശിച്ചു. സെമി പ്രവേശനത്തിന് ജയം അനിവാര്യമായ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 191 റൺസിന്​ പുറത്താക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ സ്കോർ പിന്തുടർന്ന ഇന്ത്യ 38 ഒാവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ഒാപണിറങ്ങിയ രോഹിത് ശർമ്മ (12) ടീം സ്കോർ 23ലെത്തി നിൽക്കെ പുറത്തായി. പിന്നീട് ഒത്തു ചേർന്ന ശിഖർ ധവാൻ (78), ക്യാപ്റ്റൻ വിരാട് കോഹ്ലി (76) സഖ്യമാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. മികച്ച ഫോമിലുള്ള ഇരുവരും നന്നായി ബൗളർമാരെ നേരിട്ടു. സ്കോർ 151ലെത്തി നിൽക്കെ ഇന്ത്യക്ക് ധവാനെ നഷ്ടമായി. പിന്നീട് യുവരാജ് സിങ്ങും (23) കോഹ്ലിയും ചേർന്ന് ലക്ഷ്യം പൂർത്തിയാക്കുകയായിരുന്നു.

ഒരു വിക്കറ്റിന്​ 116 റൺസെന്ന ഉറച്ച നിലയിൽ നിന്ന ദക്ഷിണാ​ഫ്രിക്കയെ മികച്ച ബൗളിങ്ങും ഫീൽഡിങ്ങും കാഴ്​ചവെച്ചാണ്​ ഇന്ത്യ കുറഞ്ഞ സ്​കോറിൽ പുറത്താക്കിയത്​. വെറും 75 റൺസിനാണ്​ ദക്ഷിണാഫ്രിക്കയുടെ ഒമ്പത്​ വിക്കറ്റുകളും നിലംപൊത്തിയത്​.

ടോസ്​ നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. ഒാപ്പണർമാരായ ക്വിൻറൺ ഡി കോക്കും ഹാഷിം അംലയുൃ മികച്ച തുടക്കമാണ്​ നൽകിയത്​. സ്​കോർ 76ൽ എത്തിയപ്പോൾ 35 റൺസെടുത്ത അംലയെ അശ്വിൻ ധോണിയുടെ ഗ്ലൗസിൽ എത്തിച്ചു. തുടർന്ന്​ ഫാഫ്​ ഡുപ്ലസിസും ഡി കോക്കും ചേർന്ന്​ സ്​കോർ ഉയർത്തി. 72 പന്തിൽ 53 റൺസെടുത്ത ഡി കോക്ക്​ രവീന്ദ്ര ജദേജയുടെ പന്തിൽ കുറ്റി തെറിച്ച്​ പുറത്തായ ശേഷം കാര്യമായ ചെറുത്തുനിൽപ്പ്​ ദക്ഷിണാഫ്രിക്കയിൽ നിന്നുണ്ടായില്ല.

ഡുപ്ലസിസ്​ 35 റൺസെടുത്തു 20 റൺസെടുത്ത്​ പുറത്താകാതെ നിന്ന പോൾ ഡുംമ്​നി മാത്രമാണ്​ പിന്നീട്​ രണ്ടക്കം കടന്നത്​. മൂന്നു പേർ റണ്ണൗട്ടായപ്പോൾ ഭുവനേശ്വർ കുമാറും ജസ്​പ്രീത്​ ബുംറയും രണ്ടു വീതം വിക്കറ്റ്​ വീഴ്​ത്തി.