ബാലഭാസ്ക്കറിന്‍റെ മരണത്തെക്കുറിച്ചു വീണ്ടും നിര്‍ണായക മൊഴികള്‍

balabahaskar

ബാലഭാസ്ക്കറിന്‍റെ മരണത്തെക്കുറിച്ചു വീണ്ടും നിര്‍ണായക മൊഴികള്‍ . കൊല്ലത്തെ കടയില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. എന്നാല്‍ ബാലഭാസ്ക്കര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് പ്രധാന സാക്ഷിയായ കെഎസ്‌ആ‌ടിസി ഡ്രൈവര്‍ അജി ഇന്ന് ക്രൈംബ്രാഞ്ച് മൊഴി നല്‍കി.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കൊല്ലം പള്ളിമുക്കിലുള്ള കടയില്‍ നിന്നും ബാലഭാസ്ക്കറും കുടുംബവും ജൂസ് കുടിച്ചത്. ഇവിടെ നിന്നും ബാലഭാസ്ക്കറാണ് വാഹനമോടിച്ചതെന്നായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍റെ മൊഴി.

പച്ച ഷര്‍ട്ടും ബര്‍മുഡയും ധരിച്ച ഒരു യുവായിരുന്നു ഇന്നോവോയുടെ ഡ്രൈവര്‍ സീറ്റില്‍ ഉണ്ടായിരുന്നതെന്നും, ഇയാള്‍ വണ്ടിയില്‍ നിന്നും ഇറങ്ങി ജൂസ് വാങ്ങി പിന്‍സീറ്റിലിരുന്ന ബാലഭാസ്ക്കറിന് നല്‍കിയെന്നും രണ്ടു പേരും ജ്യൂസ് പങ്കിട്ട് കഴിച്ചെന്നും കടയിലുണ്ടായിരുന്ന യുവാക്കള്‍ മൊഴി നല്‍കി.

വിമാനത്താവളത്തില്‍ നിന്നും തിരിച്ചുവരുന്നതിനിടെയാണ് യുവാക്കള്‍ ജ്യൂസ് കടയില്‍ കയറിയത്. സെല്‍ഫിയെടുക്കാന്‍ ബാലഭാസ്കറിന്‍റെ സമീപത്തെത്തിയപ്പോള്‍ വാഹനം മുന്നോട്ടുനീങ്ങിയെന്നും സാക്ഷികള്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന് മൊഴി നല്‍കി. ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ ലഭ്യമാകാത്ത സാഹചര്യത്തില്‍ സാക്ഷിമൊഴികള്‍ നിര്‍ണ്ണായകമാണ്.

അതിനിടെ അപകടസമയത്ത് വണ്ടിയോടിച്ചത് ബാലഭാസ്ക്കറാണെന്ന മൊഴി ദൃക്സാക്ഷിയായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജി ക്രൈം ബ്രാഞ്ചിനോട് ആവര്‍ത്തിച്ചു. നേരത്തെ പൊലീസിനും സമാനമൊഴിയാണ് അജി നല്‍കിയത്. ബാലഭാസ്ക്കറിനെ തനിക്കറിയില്ലെന്നും പത്രങ്ങളിലെ പടങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞതെന്നും അജി പറഞ്ഞു.

ബാലഭാസ്ക്കറിന്‍റെ ഭാര്യ ലക്ഷമിയും മറ്റൊരു സാക്ഷി നന്ദുവും വാഹനമോടിച്ചത് അര്‍ജ്ജുനാണെന്ന ഉറച്ചനിലപാടിലാണ്. സാക്ഷികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷം അര്‍ജ്ജുന്‍റെ മൊഴി രേഖപ്പെടുത്തും.