Friday, April 19, 2024
HomeCrimeതിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് വഴിയാത്രക്കാർ മരിച്ചതിന് കോടതി സ്വമേധയാ കേസെടുത്തു

തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് വഴിയാത്രക്കാർ മരിച്ചതിന് കോടതി സ്വമേധയാ കേസെടുത്തു

തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

കേരളത്തിൽ കാലവർഷം കനത്ത സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട കർമപദ്ധതി തയാറാക്കാനാണ് കേസെടുത്തതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

കേസ് തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്ക് വിട്ടു. മഴക്കാലത്ത് വൈദ്യുതി കമ്പി പൊട്ടി വീണുണ്ടാവുന്ന അപകടങ്ങൾ ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് കോടതി പറഞ്ഞു.

തിരുവനന്തപുരം പേട്ടയില്‍ ഇന്നലെ പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ചിരുന്നു. ചാക്ക പുള്ളിലൈൻ സ്വദേശികളായ രാധാകൃഷ്ണൻ, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.

രാവിലെ ആറരയോടെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിടെയാണ് അപകടം ഉണ്ടായത്. വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ട് പേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.

ഷോക്കേറ്റ രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് കെഎസ്ഇബി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും അടിയന്തരമായി 2 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments