Thursday, April 18, 2024
HomeKeralaകേരളത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വെഹിക്കിള്‍ പത്തനംതിട്ടയില്‍

കേരളത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വെഹിക്കിള്‍ പത്തനംതിട്ടയില്‍

കേരളത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്റെ  താക്കോല്‍ എന്‍.എം.ആര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എം രാജു പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ഇരവിപേരൂര്‍ ഒ ഇ എം പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.  രോഗികള്‍ക്ക് അരികിലെത്തി കരസ്പര്‍ശമില്ലാതെ സ്രവം എടുത്ത് വേഗത്തില്‍ പരിശോധനയ്ക്ക് തിരുവനന്തപുരത്തേക്ക് അയക്കുന്നതിനായി സജീകരിച്ചിരിക്കുന്നതാണ് കോവിഡ് റാപ്പിഡ് ടെസ്റ്റ് വാഹനം. ഒരു ഡോക്ടര്‍, രണ്ടു നഴ്‌സുമാര്‍, ഡ്രൈവറുമാണു വാഹനത്തിലുണ്ടാകുക. കേരളത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയത്. ജില്ലാ ഭരണകൂടവും എന്‍.എം.ആര്‍ ഫൗണ്ടേഷന്റേയും നേതൃത്വത്തിലാണ് റാപ്പിഡ് ടെസ്റ്റ് വാഹനത്തിന്റെ നിര്‍മ്മാണം. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ എഞ്ജിനീയര്‍മാരായ അനന്തു ഗോപന്‍, എം.എസ് ജിനേഷ്, ഡോക്ടര്‍മാരായ ജസ്റ്റിന്‍ രാജ്, നോബിള്‍ ഡേവിസ് എന്നിവരാണു വാഹനം രൂപകല്പന ചെയ്തത്.

ഓരോ സ്ഥലങ്ങളിലും കോവിഡ് കെയര്‍ സെന്ററുകളിലും എത്തി സാമ്പിളുകള്‍ പരിശോധിക്കാകും. രോഗം ബാധിച്ച വ്യക്തികള്‍ സ്രവ പരിശോധനയ്ക്കായി പോകുമ്പോഴുണ്ടാകാവുന്ന രോഗവ്യാപനം ഒഴിവാക്കാനും ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയും ഉറപ്പാക്കാനും കുറഞ്ഞ സമയത്തില്‍ അധികം സാമ്പിളുകള്‍ ശേഖരിക്കുന്നതിലൂടെ പരിശോധനയുടെ എണ്ണം കൂട്ടുവാനും  ഇവയിലൂടെ സാധിക്കും. പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന ശുചിത്വ ക്യാബിനും, ഓട്ടോമാറ്റിക് അണുനാശിനി സംവിധാനവും ഉള്ളതിനാല്‍ സ്രവം ശേഖരിക്കുന്നവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്. ഒരു വ്യക്തി സ്രവം നല്‍കി പുറത്തിറങ്ങിയാല്‍ 15  മിനിട്ടിനുള്ളില്‍ അണുനശീകരണം പൂര്‍ത്തിയാക്കും. ഏതു കാലാവസ്ഥയിലും എവിടെയും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നതും ഇവയുടെ പ്രത്യേക തയാണ്.  വാഹനം രൂപകല്പന ടീമിനെ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പുരസ്‌കാരം നല്‍കി ആദരിച്ചു. മുന്‍ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ.കുര്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി,തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ എന്നിവരെ കൂടാതെ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, മുന്‍ എം.എല്‍.എ ജോസഫ് എം.പുതുശ്ശേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കുണ്ടൂര്‍, എന്‍.എം.ആര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എം.രാജു, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പ്രതാപചന്ദ്രവര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments