അനിഷേധ്യമായ 19 തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രമുഖ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാനുതകുന്നവ്യക്തമായ തെളിവുകളാണ് പോലീസിന്റെ കൈവശമുള്ളത്. ഇപ്പോൾ പതിനൊന്നാം പ്രതിയായ ദിലീപ്, അധിക കുറ്റപത്രം സമർപ്പിക്കുനിന്നതോടുകൂടി രണ്ടാം പ്രതിയാകും. പൾസർ സുനി ഒന്നാം പ്രതിയാണ്.
കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് കേസിൽ ദിലീപിനെതിരെ ചുമത്തുവാൻ പോകുന്നത്. ഗൂഢാലോചനക്കുറ്റം കൃത്യതയോടു കൂടി തെളിഞ്ഞതിനാല്‍ മറ്റു കുറ്റകൃത്യങ്ങളിലും തുല്യപങ്കാളിത്തം തെളിയിക്കാൻ പൊലീസിനു കഴിയും. അന്വേഷണത്തിനു അതിരു നിർണയിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പൾസർ സുനിക്ക് ആദ്യം രണ്ടു ലക്ഷം രൂപയാണ് നടിയെ ആക്രമിക്കാൻ നൽകിയത്. ഈ തുക നൽകിയത് ദിലീപിന്റെ ഉറ്റബന്ധുവാണെന്നു പൊലീസ് തെളിവ് സഹിതം കണ്ടെത്തി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും ഇതിനു സഹായകരമായ തെളിവായി ശേഖരിച്ചിട്ടുണ്ട്. സുനിയുടെ സന്ദർശനത്തിന്റെ ദൃശ്യങ്ങളാണിതെന്നാണു ഇപ്പോൾ ലഭിച്ചിരിക്കുന്ന സൂചന. ക്വട്ടേഷൻ നൽകുന്നതു കേട്ടെന്ന സാക്ഷിമൊഴിയും ദിലീപിനെതിരായുള്ള തെളിവാണ്.