താജ്മഹല്‍ സംരക്ഷിക്കണം അല്ലെങ്കില്‍ പൊളിച്ചുനീക്കണം: സുപ്രീം കോടതി

tajmahal

താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതി . ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ അടച്ചിടുകയോ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. താജ്മഹലില്‍ സമയബന്ധിതമായി അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. താജ്മഹലിനെ മലിനപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. താജ്മഹലിനെ എങ്ങനെ സംരക്ഷിക്കാമെന്ന് നിര്‍ദേശിക്കണമെന്നും കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ജൂലൈ 31 മുതല്‍ കോടതി തുടര്‍ച്ചയായി വാദം കേള്‍ക്കും.ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹല്‍ എന്നും കോടതി നിരീക്ഷിച്ചു. യുറോപ്പിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈഫല്‍ ടവര്‍. നിരവധി പേരാണ് ഈഫല്‍ ടവര്‍ കാണാന്‍ എത്തുന്നത്. എന്നാല്‍ നമ്മുടെ താജ്മഹല്‍ അതിനേക്കാള്‍ മനോഹരമാണ്. മികച്ച രീതിയില്‍ പരിപാലിച്ചാല്‍ വിദേശ നാണ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.സര്‍ക്കാരിന്റെ ഉദാസീനതകൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. നേരത്തെ താജിന്റെ പരിപാലനത്തില്‍ വീഴ്ച വരുത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയെയും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.