ജിഎന്‍പിസി പേജ് നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ ഫേസ്‌ബുക്ക് നിരസിച്ചു

keralapolice

ഫേസ്ബുക് കൂട്ടായ്മയായ ജിഎന്‍പിസിക്ക് (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എതിരെ കേസ് എടുത്തത് മദ്യസല്‍ക്കാരങ്ങളും വില്‍പ്പനയും കൂപ്പണുപയോഗിച്ച്‌ നടത്തിയിരുന്നുവെന്ന് ആരോപിച്ചാണ്.മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചാണ് സംഭവത്തില്‍ എക്‌സൈസ് കേസെടുത്തത്‌ . തൊട്ടു പിന്നാലെ അഡ്‌മിന്‍ അജിത്കുമാറും ഭാര്യ വിനീതയും ഒളിവില്‍ പോയെന്നും വാര്‍ത്തകള്‍ വന്നു. ഇതിന് പിന്നാലെ കൂട്ടായ്മയുടെ ഫേസ്‌ബുക്ക് പേജ് നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേകഷ ഫേസ്‌ബുക്ക് നിരസിച്ചിരിക്കുകയാണ്. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന സീക്രട്ട് ഗ്രൂപ്പിലെ അഡ്‌മിന്മാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പേജ് നീക്ക് ചെയ്യണമെന്ന് കേരള പൊലീസ് ഫേസ്‌ബുക്കിനോട് അഭ്യര്‍ത്ഥിച്ചത്. ഫേസ്‌ബുക്കിന്റെ ഭാഗത്തു നിന്നും എന്ത് തീരുമാനം ഉണ്ടാകുമെന്നതിനെ ആശ്രമയിച്ച്‌ മറ്റ് തീരുമാനങ്ങള്‍ എന്ന തീരുമാനത്തിലായിരുന്നു അംഗങ്ങള്‍. അതേസമയം, തെളിവുകള്‍ നിരത്തി ജിഎന്‍പിസിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് എക്സൈസിന്റെയും പൊലീസിന്റെയും തീരുമാനം. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഇതിനോടകം തന്നെ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടുണ്ട്.നിരോധനം ഉണ്ടാകാത്ത സാഹചര്യത്തില്‍ ജി.എന്‍.പി.സിയുടെ കെട്ടും മട്ടും മാറ്റാനും നീക്കമുണ്ട്. അംഗങ്ങളുടെ പോസ്റ്റുകള്‍ ഗ്രൂപ്പില്‍ എത്തുന്നതിന് മുന്‍പ് കൃത്യമായി നിരീക്ഷിച്ച്‌ വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തണമെന്നാണ് തീരുമാനം.മുന്‍പ് മദ്യപാനത്തെക്കുറിച്ച്‌ സജീവമായി പോസ്റ്റുകള്‍ വന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഭക്ഷണത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ മാത്രമാണ് വരുന്നത്.ഗ്രൂപ്പ് വഴിതന്നെ ജി.എന്‍.പി.സിക്കുവേണ്ടി പ്രചരണം സംഘടിപ്പിക്കാനും നീക്കമുണ്ട്. അജിത് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് എക്‌സൈസിന്റെ നീക്കം. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന്‍ ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അവകാശവാദം.എന്നാല്‍ ഈ വാദം മദ്യവിരുദ്ധ സംഘടനകള്‍ തള്ളുകയാണ്. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവര്‍ ആരോപിക്കുന്നു.