അമിത് ജത്വ വധക്കേസ്: മുൻ ബിജെപി എംപി അടക്കമുള്ളവർക്ക് ജീവപര്യന്തം

amith jetva

ബിജെപിയുടെ മുൻ പാർലമെന്റംഗം ദിനു സോളങ്കിക്കും മറ്റ് ആറുപേർക്കും വിവരാവകാശ പ്രവർത്തകനായ അമിത് ജേത്വയെ കൊന്ന കേസിൽ ജീവപര്യന്തം തടവ്. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. ഗിർ വനത്തിൽ ഇയാളുടെ കൂട്ടരും നടത്തിവന്നിരുന്ന നിയമവിരുദ്ധ ഖനനത്തിന്റെ വിവരങ്ങൾ പുറത്തു കൊണ്ടു വന്നതിനായിരുന്നു കൊലപാതകം.

സോളങ്കിയുടെ മരുമകൻ ശിവ സോളങ്കി, സഞ്ജയ് ചൗഹാൻ, ശൈലേഷ് പാണ്ഡ്യ, പചാൻ ദേശായി, ഉദാജി താക്കറെ എന്നിവർക്കൊപ്പം പൊലീസ് കോൺസ്റ്റബിളായിരുന്ന ബഹാദൂർ സിങ് വദാറും ശിക്ഷ ലഭിച്ചവരിൽ പെടുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ടത്.

ഒൻപതു വർഷം മുമ്പ്, 2010 ജൂലൈയിലാണ് ഗുജറാത്ത് ഹൈക്കോടതിക്കു പുറത്തുവച്ച് അമിത് ജത്വ വെടിയേറ്റുമരിച്ചത്. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഗീർ വനങ്ങളിലെ സിംഹങ്ങളുടെ സംരക്ഷണത്തിനു വേണ്ടി വിവരാവകാശ നിയമം ബലമാക്കി പ്രവർത്തിച്ചുവരികയായിരുന്ന അമിത്.

കാട്ടിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്ന ഖനികൾക്കെതിരെ പോരാട്ടം നീണ്ടപ്പോഴാണ് അമിതിന് ജീവൻ നഷ്ടമായത്. അമിത് ജത്വയുടെ ഇടപെടൽ കാരണം ജുനാഗഡ് എംപിയായിരുന്ന ദിനു സോളങ്കി നടത്തിയിരുന്ന ആറ് ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നിരുന്നു.

2009 മുതൽ എംപിയായിരുന്ന സോളങ്കിയെ 2013ലാണ് കേസ് അന്വേഷിച്ച സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ദിനു സോളങ്കിക്കു പുറമെ അദ്ദേഹത്തിന്റെ അനന്തരവൻ ശിവ സോളങ്കി, സഞ്ജയ് ചൗഹാൻ, ശൈലേഷ് പാണ്ഡെ, പഞ്ചൻ ദേശായി, ഉദജി താക്കൂർ, പൊലീസ് കോൺസ്റ്റബിൾ ബഹാദൂർസിങ് വാദർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.