കർണാടക എം.എൽ.എമാരുടെ രാജി പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് സ്പീക്കർ

karnataka niyamasabha

എം.എൽ.എമാരുടെ രാജി പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് കെ.ആർ രമേശ് കുമാർ. രാജി വൈകിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. രാജികാര്യത്തിൽ മെല്ലെപ്പോക്കുണ്ടായെന്ന വാർത്തകൾ വേദനയുണ്ടാക്കിയെന്നും സ്പീക്കർ പറഞ്ഞു.

വിമത എം.എൽ.എമാർ രാജിക്കത്ത് നൽകിയതിന് പിന്നാലെ മാധ്യമങ്ങളോടാണ് സ്പീക്കർ ഇക്കാര്യം പറഞ്ഞത്.വിമത എം.എൽ.മാർ തന്നെ കാണാതെ ഗവർണറെ കണ്ടത് ചട്ടവിരുദ്ധമാണ്. ജനവിധി അനുസരിച്ച് മുന്നോട്ട് പോകും.

ആരുടെയും ഭീഷണിചയോ പ്രേരണയോ രാജിക്ക് പിന്നിലില്ലെന്ന് ബോധ്യപ്പെടേണ്ടതുണ്ട്. ഇന്ന് രാത്രിമുഴുവൻ ഇരുന്ന് രാജിക്കത്തുകൾ പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് സ്പീക്കർ മുന്നിൽ ഹാജരാകാൻ കർണാടയിലെ ആറ് വിമത എം.എൽ.എമാർ ബെംഗളുരുവിലെത്തിയിരുന്നു.

മുംബൈയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവർ ബംഗളുരു വിമാനത്താവളത്തിലെത്തിയത്. രാജി സമര്‍പ്പിക്കാന്‍ ആറു മണിക്കു മുമ്പ് സ്പീക്കറെ കാണണമെന്നാണ് ഇവരടക്കമുള്ള പത്ത് എം.എൽ.എമാരോട്‌ സുപ്രീം കോടതി നിർദേശിച്ചത്.

രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് സ്പീക്കർ നൽകിയ ഹരജി ഇന്ന് പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്പീക്കർ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പത്ത് വിമത എം.എൽ.എമാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഇന്ന് വൈകീട്ട് ആറു മണിക്കുമുമ്പ് സ്പീക്കർക്കു മുന്നിൽ ഹാജരാകാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇവരോട് ആവശ്യപ്പെട്ടത്.