പ്രതിപക്ഷ നേതാവ് ഓട്ടോറിക്ഷയില്‍…സുരക്ഷാ വീഴ്ചയെ സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു

chennithala

യാത്രയ്ക്കായി അനുവദിച്ച വിനോദ സഞ്ചാരവകുപ്പിന്റെ വാഹനം പണിമുടക്കിയതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയത് ഓട്ടോറിക്ഷയില്‍. ചൊവ്വാഴ്ച പേട്ട സ്റ്റേഷനിലായിരുന്നു സംഭവം. സുരക്ഷാ വീഴ്ചയെ സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു.

ചെവ്വാഴ്ച ഹരിപ്പാട്ടെ പരിപാടികള്‍ കഴിഞ്ഞശേഷം തിരുവല്ലയിലെത്തിയ പ്രതിപക്ഷ നേതാവ് വേണാട് എക്സ്പ്രസ് ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഔദ്യോഗിക വാഹനം ഇല്ലാത്തപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷനേതാവിനും വിശിഷ്ടാതിഥികള്‍ക്കും പകരം വാഹനം ടൂറിസം വകുപ്പില്‍നിന്നാണ് ഏര്‍പ്പാടാക്കുന്നത്.

ടൂറിസം വകുപ്പില്‍ അറിയിച്ച്‌ പ്രതിപക്ഷ നേതാവിന് പകരം വാഹനം ഏര്‍പ്പാടാക്കിയശേഷം പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഔദ്യോഗിക കാറില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.

രാത്രി പത്തരയോടെയാണ് വേണാട് എക്സ്പ്രസ് തമ്ബാനൂര്‍ സ്റ്റേഷനു മുന്‍പുള്ള പേട്ട സ്റ്റേഷനിലെത്തിയത്. തമ്ബാനൂരില്‍ തിരക്കുള്ളതിനാല്‍ വിഐപികള്‍ സാധാരണ പേട്ടയിലാണ് ഇറങ്ങാറുള്ളത്.

പ്രതിപക്ഷ നേതാവിനെയും പിഎയെയും ഗണ്‍മാനെയും കൊണ്ടുപോകാന്‍ ടൂറിസം വകുപ്പിന്റെ കാര്‍ പേട്ട സ്റ്റേഷനിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് എത്തി വാഹനത്തില്‍ കയറിയെങ്കിലും വാഹനം സ്റ്റാര്‍ട്ടായില്ല.

ഏറെ നേരത്തെ പരിശ്രമത്തിനുശേഷവും വാഹനം സ്റ്റാര്‍ട്ടാകാത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സ്റ്റേഷനിലുണ്ടായിരുന്ന ഓട്ടോയ്ക്ക് കൈകാണിച്ച്‌ കയറി. പിന്നാലെ പിഎയും ഗണ്‍മാനും ഓട്ടോയില്‍ കയറി.

ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ ഓട്ടോക്കാരന്‍ ആവശ്യപ്പെട്ട കൂലിയും നല്‍കി. ടൂറിസം വകുപ്പ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്. സംഭവത്തില്‍ പരാതിയൊന്നും നല്‍കേണ്ടതില്ലെന്നാണ് ചെന്നിത്തലയുടെ തീരുമാനം.