Friday, April 19, 2024
HomeNationalസോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റാക്കാനുള്ള നീക്കവുമായി ഒരു വിഭാഗം നേതാക്കള്‍

സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റാക്കാനുള്ള നീക്കവുമായി ഒരു വിഭാഗം നേതാക്കള്‍

കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിക്ക് പകരം പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റാക്കാനുള്ള നീക്കവുമായി ഒരു വിഭാഗം നേതാക്കള്‍. എന്നാല്‍ ഈ ആവശ്യത്തോട് അവര്‍ അനുകൂലമായല്ല പ്രതികരിച്ചത് എന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് പരീക്ഷണ ഘട്ടം നേരിട്ടു കൊണ്ടിരിക്കുകയാണ് എന്ന് ജ്യോതിരാദിത്യ സിന്ധ്യ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ വരെ പല തവണ നിര്‍ബന്ധിച്ചിട്ടും സ്ഥാനമൊഴിയുന്നതില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാത്ത രാഹുലിന്റെ തീരുമാനം മുമ്ബെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്. പുതിയ പ്രസിഡന്റിനെ തീരുമാനിക്കാന്‍ വൈകുന്നത് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട പാര്‍ട്ടിയെ കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സോണിയയെ ഇടക്കാലത്തേക്കെങ്കിലും തിരിച്ചു കൊണ്ടുവരിക എന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്.

72 കാരിയായ സോണിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറിയത്. പകരം രാഹുലിനെ ആ സ്ഥാനത്ത് നിയോഗിക്കുകയായിരുന്നു. ഇടക്കാലത്തേക്കു പോലും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ആരോഗ്യം അവരെ അനുവദിക്കില്ലെന്നാണ് സോണിയയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കേന്ദ്രനേതൃത്വത്തില്‍ മാത്രമല്ല സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളും കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് സൃഷ്ടിച്ച കടുത്ത പ്രതിസന്ധിക്ക് പിന്നാലെയാണ് കര്‍ണാടകയില്‍ പ്രശ്‌നം രൂക്ഷമായത്. ഈ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസിന് കരുത്തുറ്റ പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമാകുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments