നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജം എത്തി. ആലുവ സബ് ജയിലിലാണ് അമ്മ എത്തിയത്. ഇന്ന് വൈകിട്ട് 3.25 ഓടെ ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പമാണ് എത്തിയത്. ദിലീപ് അറസ്റ്റിലായി ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് ഒരുനോക്ക് കാണാന്‍ അമ്മ എത്തിയത്.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ശരതും ഇവര്‍ക്കൊപ്പം എത്തിയെങ്കിലും ജയിലിനുള്ളിലേക്ക് കടന്നില്ല. സഹോദരന്‍ അനൂപിന് ശേഷം ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്ന അടുത്തബന്ധു അമ്മയാണ്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി, അമ്മ എന്നിവരോട് ജയിലില്‍ തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ജയില്‍വാസം നീളുന്ന സാഹചര്യത്തില്‍ അമ്മ എത്തുകയായിരുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷ അദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി ഈ മാസം 18 ന് പരിഗണിക്കാനായി കോടതി മാറ്റിയിരിക്കുകയാണ്. പ്രശസ്ത അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് ദിലീപിന് വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ജൂലൈ പത്തിനാണ് കേസിലെ ഗൂഢാലോചനയില്‍ ദിലീപ് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് മൂന്ന് തവണ ദിലീപിനെ റിമാന്റ് ചെയ്തു. ഈ മാസം എട്ടിന് റിമാന്റ് കാലാവധി അവസാനിച്ചപ്പോള്‍ 22 വരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി റിമാന്റ് കാലാവധി നീട്ടി.
കേസിലെ നിലവിലെ സാഹചര്യത്തില്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപും കുടുംബവും. കേസില്‍ തനിക്കെതിരെ വന്‍ഗൂഢാലോചന നടന്നെന്നും ഇതിന്റെ ഫലമായാണ് താന്‍ പ്രതിയായതെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നു. പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
ആക്രമണത്തിന്റെ സൂത്രധാരന്‍ താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സുനി ജയിലില്‍ നിന്ന് അയച്ച കത്ത് ലഭിച്ച ഉടന്‍ തന്നെ അന്നത്തെ ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് വാട്ട്‌സാപ്പ് വഴി അയച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം പരാതി നല്‍കി. പരാതി നല്‍കിയത് 20 ദിവസം കഴിഞ്ഞാണെന്ന പൊലീസ് വാദം ശരിയല്ല. ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
അന്വേഷംസംഘത്തലവനായ ഐജി ദിനേന്ദ്ര കശ്യപ് അറിയാതെയാണ് ദിലീപിനെ എഡിജിപി ബി സന്ധ്യ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ശ്രീകുമാര്‍ മേനോനെതിരെ മൊഴി നല്‍കിയപ്പോള്‍ വീഡിയോ ക്യാമറ ഓഫ് ചെയ്തു. ശ്രീകുമാര്‍ മേനോന് ഭരണകക്ഷിയിലെ നേതാവിന്റെ മകനുമായി ബിസിനസ് ബന്ധമുണ്ട്. ദിലീപിനോട് എതിര്‍പ്പുള്ള വ്യക്തിയാണ് ശ്രീകുമാര്‍ മേനോന്‍. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.