ബാബറി മസ്ജിദ് കേസിൽ അന്തിമവാദം ഡിസംബർ അഞ്ചിന് തുടങ്ങുമെന്ന് സുപ്രീംകോടതി. അന്തിമവാദം തുടങ്ങിയാൽ കേസ് പിന്നീട് മാറ്റിവെക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ രണ്ട് കക്ഷിക്കാരും സമയക്രമം കർശനമായി പാലിക്കണമെന്ന് കോടതി നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട രേഖകൾ വിവർത്തനം നടത്തുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് ഹരജിക്കാർ കോടതിയിൽ വാദിച്ചു. നാല് മാസം കൂടി നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. നിങ്ങൾ എഴ് വർഷമായി ഇതുതന്നെയല്ലെ ചെയ്യുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. രേഖകളുടെ വിവർത്തനം നടത്തുന്നതിന് 12 ആഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു.
അയോധ്യയിലെ തർക്ക ഭൂമി മൂന്ന് കക്ഷികൾക്കായി വിഭജിച്ച് നൽകിയ അലഹബാദ് ഹൈകോടതി വിധിക്കെതിരായ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സുന്നി വഖഫ് ബോർഡ്, രാം ലല്ലാ വിരാജ്മാൻ, നിർമോഹി അഖാര എന്നിവരാണ് കേസിലെ കക്ഷികൾ.