കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പിച്ച് വിഷം ചീറ്റിക്കൊണ്ട് വിദ്വേഷ-ഭീഷണി പ്രസംഗം. കൊല്ലപ്പെടാതിരിക്കണമെങ്കില്‍ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും മൃത്യുഞ്ജയ ഹോമം നടത്തണമെന്ന ഭീഷണിയുമായി ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികല. ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികല നടത്തിയ വിവാദപ്രസംഗത്തെ കുറിച്ച് പൊലീസ് അന്വേഷിക്കും. എറണാകുളം റൂറല്‍ എസ്പിക്ക് അന്വേഷണ ചുമതല നല്‍കിയതായി പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. പരാതി പരിശോധിച്ചു വരികയാണെന്നും അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും എസ്പി എ വി ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡിജിപി അന്വേഷണം നടത്താന്‍ റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തിയത്.
വെള്ളിയാഴ്ച പറവൂര്‍ മുനിസിപ്പല്‍ ജങ്ഷന് സമീപമുള്ള പാര്‍ക്ക്ഗ്രൌണ്ടില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു സ്വാഭിമാന്‍ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ശശികലയുടെ കൊലവിളി പ്രസംഗം. സംസാരത്തിലുടനീളം വര്‍ഗീയ വിഷം ചീറ്റുന്ന പ്രയോഗങ്ങളാണ് ശശികലയും ഹിന്ദു ഐക്യവേദിയുടെ മറ്റു നേതാക്കളും നടത്തിയത്. പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ പറവൂര്‍ ബ്ളോക്ക് പ്രസിഡന്റും വി ഡി സതീശന്‍ എംഎല്‍എയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്.
രാജ്യത്തിന്റെ മതേതര ഭരണഘടനയ്ക്കും മതനിരപേക്ഷ വാദികളുടെ ജീവനും ഭീഷണി ഉയര്‍ത്തുന്ന കൊലവിളി പ്രസംഗത്തിനെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐയുടെ പരാതി. പ്രസംഗത്തിന്റെ വീഡിയോദൃശ്യവും പരാതിയോടൊപ്പം നല്‍കി. വിദ്വേഷ പ്രസംഗത്തിനെതിരെ സ്ഥലം എംഎല്‍എകൂടിയായ വി ഡി സതീശന്‍ ഡിജിപിക്കാണ് പരാതി നല്‍കിയത്.
കര്‍ണാടകയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ പേരു പരാമര്‍ശിച്ച്, മതേതരവാദികളായ എഴുത്തുകാരേ നിങ്ങള്‍ക്ക് ആയുസ്സുവേണമെങ്കില്‍ ക്ഷേത്രത്തില്‍പോയി മൃത്യുഞ്ജയ ഹോമം നടത്തിക്കോളൂ എന്ന പ്രസംഗം മതേതര കേരളത്തിനേറ്റ കനത്ത അപമാനമായി. മതസ്പര്‍ധ വളര്‍ത്താനും അനാവശ്യമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടായിരുന്നു പ്രസംഗം. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന സാഹിത്യ-സാംസ്കാരിക-പൊതുപ്രവര്‍ത്തകര്‍ക്കെതിരായ സംഘപരിവാര്‍ വധഭീഷണിക്കെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. സംഭവം വിവാദമായതേടെ, കോണ്‍ഗ്രസ് ഭരണത്തിലാണ് എഴുത്തുകാര്‍ക്ക് രക്ഷയില്ലെന്ന് പറഞ്ഞതെന്ന് അറിയിച്ച് ശശികല മലക്കംമറിഞ്ഞു.
വിദ്വേഷ പ്രസ്താവന നാടിന്റെ സമാധാനാന്തരീക്ഷം മാറ്റിമറിക്കാന്‍: പിണറായി
കണ്ണൂര്‍ > പുരോഗമന ചിന്താഗതി വച്ചുപുലര്‍ത്തുന്നവര്‍ സ്വയരക്ഷയ്ക്ക് മൃത്യുഞ്ജയപൂജ നടത്തണമെന്ന് പറയുന്നത് നാടിന്റെ അന്തരീക്ഷം മാറ്റിമറിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതൊക്കെ പറയാന്‍ കേരളത്തിലും ആളുണ്ടാവുന്നു എന്നത് ലജ്ജാകരമാണ്. ആശയസംവാദത്തിനുള്ള മേഖലകള്‍ ഇല്ലാതാവുന്നു എന്നതിന് തെളിവാണിത്. ഗൌരി ലങ്കേഷിന്റെ കൊലപാതകം മാധ്യമസ്വാതന്ത്യ്രത്തെക്കുറിച്ചുള്ള ആശങ്കകളാണ് പങ്കുവയ്ക്കുന്നത്. അതുതന്നെയാണ് മൃത്യുഞ്ജയപൂജ നടത്തേണ്ടിവരുമെന്ന ഭീഷണിക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമസഭയുടെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കല്യാശേരിയില്‍ ഇ കെ നായനാര്‍ സ്മൃതിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ശാന്തിയുടെയും മതമൈത്രിയുടെയും മുഖമില്ലാതാക്കി പരസ്പരം ശത്രുക്കളാക്കാനാണ് ശ്രമം. ലോകത്തെല്ലായിടത്തും ഇതൊക്കെ നടക്കുന്നുവെന്ന് പറഞ്ഞ് ഇതിനെയൊക്കെ ന്യായീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മറ്റെല്ലായിടവുംപോലെയല്ല കേരളം. എല്ലാവരും ഒരു മനസായി കഴിയുന്ന മണ്ണാണിത്. നമ്മുടെ സ്വാതന്ത്യ്രങ്ങളെ ഇല്ലാതാക്കുന്ന ഭീകരതയോട് പൊരുതാന്‍ കേരളം ഒറ്റമനസ്സായി രംഗത്തിറങ്ങണമെന്നും പിണറായി പറഞ്ഞു.