Sunday, September 15, 2024
HomeNationalപാമ്പ് പടം പൊഴിക്കുന്ന പോലെ തൊലി പൊളിഞ്ഞുവരുന്ന രോഗാവസ്ഥ

പാമ്പ് പടം പൊഴിക്കുന്ന പോലെ തൊലി പൊളിഞ്ഞുവരുന്ന രോഗാവസ്ഥ

കൗമാര കൂതൂഹലങ്ങളുമായി തുള്ളിത്തുടിച്ച് ആര്‍ത്തുല്ലസിക്കേണ്ട പ്രായത്തില്‍ അപൂര്‍വ രോഗത്താല്‍ ഉഴലുകയാണ് മധ്യപ്രദേശ് ഛത്തര്‍പൂരിലെ നൗഗോംഗ് സ്വദേശി ശാലിനി യാദവ്. എറിത്രോഡെര്‍മ എന്ന ഗുരുതര രോഗത്തിന്റെ പിടിയിലാണ് ഈ പതിനാറുകാരി. പാമ്പ് പടം പൊഴിക്കുന്ന പോലെ തൊലി പൊളിഞ്ഞുവരുന്ന രോഗാവസ്ഥയാണിത്.ആറാഴ്ച കൂടുമ്പോള്‍ ശാലിനിയുടെ ശരീരമാസകലം തൊലി പൊഴിയും. കടുത്ത ശരീര വേദനയും അനുഭവപ്പെടും. അതിനാല്‍ തൊലിയും മാംസവും കട്ടിയാകാതിരിക്കാനും വീര്‍ക്കാതിരിക്കാനുമായി ഓരോ മണിക്കൂറിലും പ്രത്യേക മരുന്നുകള്‍ ഉപയോഗിച്ച് കുളിക്കണം. രാത്രിയിലും ഇത് തുടരണം. ഊന്നുവടിയുടെ സഹായത്താലേ ശാലിനിക്ക് നടക്കാനാവൂ.റെഡ് മാന്‍ സിന്‍ഡ്രം എന്നും ഈ രോഗാവസ്ഥയ്ക്ക് പേരുണ്ട്. ചികിത്സിച്ച് ഭേദമാക്കാന്‍ ഏറെ പ്രയാസകരമായ രോഗാവസ്ഥയാണിത്. ഓരോ 45 ദിവസം കൂടുമ്പോഴും ശാലിനിയുടെ തൊലി പൊളിഞ്ഞുവരും. അതി സാധാരണമായ കുടുംബമായതിനാല്‍ ചെലവേറിയ ചികിത്സ ഇവര്‍ക്ക് സാധ്യമല്ല.എന്നാല്‍ പ്രദേശവാസികളുടെ മുന്‍കൈയ്യില്‍ ശാലിനിയുടെ ചികിത്സയ്ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. പ്രദേശത്തുള്ളവര്‍ ചികിത്സാ സഹായത്തിനായി ഒരു കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ ലോകത്തെ വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ടു. ഒടുവില്‍ ശാലിനിയെ സൗജന്യമായി ചികിത്സിക്കാമെന്ന് സ്‌പെയിനിലെ ഒരു ചികിത്സാ കേന്ദ്രം സമ്മതമറിയിച്ചു. ചികിത്സയ്ക്കായി ശാലിനി നാളെ യൂറോപ്പിലേക്ക് പറക്കും.റീജിണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ശാലിനിയെ പ്രവേശിപ്പിക്കുന്നത്. സ്‌പെയിനില്‍ പോകുന്നതിന്റെ ആഹ്ലാദം ശാലിനി മറച്ചുവെയ്ക്കുന്നില്ല. ഒരു ടിവി പരിപാടിയില്‍ താന്‍ സ്‌പെയിന്‍ നഗരങ്ങള്‍ കണ്ടിട്ടുണ്ടെന്നും നേരിട്ട് പോകാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ശാലിനി യാദവ് പറയുന്നു.ഈ രോഗം തന്റെ മകളുടെ ജീവിതം ഇഞ്ചിഞ്ചായി കവരുകയാണെന്ന് നിറകണ്ണുകളോടെ ശാലിനിയുടെ അമ്മ ദേവ്കുന്‍വര്‍ പറയുന്നു.ശാലിനിയുടെ 15 ഉം 8 ഉം വയസ്സുള്ള സഹോദരങ്ങള്‍ പൂര്‍ണ ആരോഗ്യമുള്ളവരാണ്. കൂലിപ്പണിയെടുത്ത് കിട്ടുന്ന തുഛമായ തുകകൊണ്ട് കുടുംബച്ചെലവും ശാലിനിയുടെ ചികിത്സാ ചെലവും നിര്‍വഹിക്കാനാകാതെ ഉഴലുകയാണ് അച്ഛന്‍ രാജ്ബഹാദുര്‍. വിദേശത്തെ ചികിത്സയിലൂടെ മകള്‍ക്ക് ഊന്നുവടിയില്ലാതെ നടക്കാനാകുന്ന സ്ഥിതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാരും മാതാപിതാക്കളും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments