പീഡനക്കേസില്‍ പ്രതികരണവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

mulackal

പീഡനക്കേസില്‍ പ്രതിഷേധം ചൂടാകുന്നതിനിടെ പ്രതികരണവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പൊലീസുമായി സഹകരിക്കുമെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കു പിന്നിലെ ലക്ഷ്യം ബ്ലാക്‌മെയിലിങ് ആണ്. കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്താനാണെന്നും ബിഷപ് കുറ്റപ്പെടുത്തി. തനിക്കെതിരെയല്ല സഭയ്‌ക്കെതിരെയാണ് ഗൂഢാലോചന നടക്കുന്നതെന്നും ഫ്രാങ്കോ അവകാശപ്പെട്ടു. അതേസമയം ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പീഡനത്തിന് ഇരയായ കന്യാസ്ത്രീ വത്തിക്കാന് കത്ത് നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്. തന്റെ ഇംഗിതകള്‍ക്ക് വഴങ്ങാത്തതിനാലും കൂടെ ശയിക്കാന്‍ വിസമ്മതിച്ചതിനാലും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തനിക്കെതിരെ അച്ചടക്ക നടപടിയെടുത്തെന്ന് കന്യാസ്ത്രീ കത്തില്‍ ആരോപിച്ചു. മിഷണറീസ് ഓഫ് ജീസസിലെ മറ്റ് പല കന്യാസ്ത്രീകളേയും കഴുകന്‍ കണ്ണുകളുമായാണ് ബിഷപ് ഫ്രാങ്കോ കാണുന്നതെന്ന് കന്യാസ്ത്രി കത്തില്‍ പറയുന്നു. ബിഷപ്പിന്റെ പേരില്‍ ഇതിന് മുമ്പും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതി. ബിഷപ്പുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകള്‍ പിരിഞ്ഞ് പോയിട്ടുണ്ട്. രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും ബിഷപ് ഫ്രാങ്കോ സ്വാധീനിച്ചിരിക്കുകയാണ്. സഭയെ അമ്മയായാണ് കണ്ടതെന്നും എന്നാല്‍ അനുഭവം കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തെളിയിച്ചെന്നും കത്തില്‍ പറയുന്നു. സഭ സംരക്ഷണം നല്‍കുന്നത് ബിഷപ്പിന് മാത്രമെന്നും കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കുന്നില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. രണ്ട് ദിവസം മുന്‍പാണ് കന്യാസ്ത്രീ വത്തിക്കാന് ഈ കത്ത് അയച്ചത്. വത്തിക്കാന്‍ സ്ഥാനപതിക്ക് ഇത് രണ്ടാം തവണയാണ് കത്തയക്കുന്നത്. അഞ്ചു മാസമായിട്ടും നടപടിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനെ സമീപിക്കുന്നത് എന്നും വിശദീകരിക്കുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതി നല്‍കിയ കാര്യവും കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം, കന്യാസ്ത്രീയുട ലൈംഗികപീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുംവരെ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ആരുടെയും പ്രേരണകൊണ്ടല്ല സമരം ചെയ്യുന്നത്. സഹോദരിക്ക് നീതിക്കുവേണ്ടിയാണ്. മിഷനറീസ് ഓഫ് ജീസസ് സന്യാസസഭ തളളിപ്പറഞ്ഞതിന് പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലാണ്. പരാതിക്കാരിയെ അധിക്ഷേപിച്ച പി.സി.ജോര്‍ജിനെതിരെ പരാതിയുണ്ട്. അടുത്തദിവസം തന്നെ കന്യാസ്ത്രീ അന്വേഷണസംഘത്തിന് മൊഴിനല്‍കുമെന്നും ഒപ്പമുളള കന്യാസ്ത്രീകള്‍ അറിയിച്ചു.