പിതാവിന്റെ നാല് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

arrest

പിതാവിന്റെ പക്കല്‍ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുക്കാന്‍ കവര്‍ച്ച നാടകം നടത്തിയ മകന്‍ പിടിയില്‍. ബി.ടെക്ക് വിദ്യാര്‍ത്ഥിയായ ശിവം മവി(23)യെയാണ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ ബിഷന്‍പൂര്‍ സ്വദേശിയാണ് ശിവം മവി. ജിംനേഷ്യം തുടങ്ങാന്‍ പിതാവ് പണം നല്‍കാത്തതിനെ തുടര്‍ന്ന് പണം ഉണ്ടാക്കാനാണ് ഇയാള്‍ കവര്‍ച്ചാ നാടകത്തിന് പദ്ധതിയിട്ടത്. സെപ്റ്റംബര്‍ എട്ടിന് ആയുധധാരികളായ ഏഴംഗ സംഘം തന്നെ ആക്രമിക്കുകയും നാല് ലക്ഷം രൂപ തട്ടിയെടുത്ത് തന്റെ എസ്.യു.വി കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ പോലീസിന് പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാടകമായിരുന്നുവെന്ന് കണ്ടെത്തിയത്. സംഭവം നടന്നുവെന്ന് പരാതിയില്‍ പറയുന്ന സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കാറ് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലോനിയില്‍ നിന്ന് അമ്മാവന്റെ കയ്യിലുള്ള പണം വാങ്ങി തിരിച്ചുവരുന്ന വഴി കവര്‍ച്ച നടന്നുവെന്നായിരുന്ന പരാതി. പെലീസ് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടന്നിട്ടില്ലെന്നും നല് ലക്ഷം രൂപ സുഹൃത്തുക്കള്‍ക്ക് കൈമാറിയതാണെന്നും കണ്ടെത്തി. ചിലര്‍ ശിവത്തിനെതിരെ മൊഴി നല്‍കുകയും ചെയ്തതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കവര്‍ച്ച ചെയ്‌തെന്ന് പറഞ്ഞ പണവും പൊലീസ് കണ്ടെത്തി. കവര്‍ച്ചാ നാടകത്തെ പറ്റി സുഹൃത്തുക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല. ചിട്ടി പിടിച്ച തുകയാണ് കൈമാറിയതെന്നായിരുന്നു ശിവം അവരെ ധരിപ്പിച്ചിരുന്നത്.