Tuesday, November 12, 2024
HomeNationalജി.എസ്.ടി നിരക്കിൽ വലിയ മാറ്റങ്ങൾ

ജി.എസ്.ടി നിരക്കിൽ വലിയ മാറ്റങ്ങൾ

ഭക്ഷണവിലയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഹോട്ടലുകളുടെ ജി.എസ്.ടി നിരക്ക് അഞ്ചു ശതമാനമാക്കി കുറച്ചു. എ.സി-നോണ്‍ എ.സി വ്യത്യാസമില്ലാതെയാണ് നിരക്ക് കുറച്ചത്. നേരത്തെ എ.സി ഭക്ഷണശാലകള്‍ക്ക് 18 ശതമാനവും നോണ്‍ എ.സി ഭക്ഷണശാലകള്‍ക്ക് 12 ശതമാനവുമായിരുന്നു നികുതി. ഇതാണ് അഞ്ച് ശതമാനത്തിലേക്ക് മാറുക. അതേസമയം, നക്ഷത്ര ഹോട്ടലുകളുടെ നികുതി 28 ശതനമായി തുടരും. നവംബര്‍ 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
13 ഉത്പന്നങ്ങളുടെ നികുതി 18ല്‍ നിന്ന് 12 ശതമാനമാക്കിയതായി ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ആറ് ഉത്പന്നങ്ങളുടെ നികുതി 18ല്‍ നിന്ന് അഞ്ചു ശതമാനമാക്കി. 8 എണ്ണത്തിന്റേത് 12ല്‍ നിന്ന് അഞ്ചാക്കുകയും ചെയ്തു. ആറ് ഉത്പന്നങ്ങളുടെ നികുതി ഇല്ലാതാക്കിയിട്ടുമുണ്ട്- അദ്ദേഹം കൂട്ടിച്ചര്‍ത്തു.
175 ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാനാണ് ഗുവാഹത്തിയില്‍ ചേര്‍ന്ന 23-ാമത് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. ചോക്കളേറ്റ്, ഷൂപോളിഷ്, അലക്കു പൊടി, പോഷകാഹാര പാനീയങ്ങള്‍, മാര്‍ബ്ള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ച്യൂയിങ്ഗം തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചത്. നേരത്തെ 28 ശതമാനമായിരുന്നു ഇവയുടെ നികുതി. യോഗത്തിന് ശേഷം ബിഹാര്‍ ധനമന്ത്രി സുശീല്‍ മോദിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ജൂലൈ ഒന്നിന് ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ നിരക്ക് കുറയ്ക്കലാണിത്.
പുതിയ മാറ്റത്തോടെ, ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനത്തില്‍ അമ്പത് ഉത്പന്നങ്ങള്‍ മാത്രമായി. നേരത്തെ ഇത് 227 ആയിരുന്നു.
ഷേവിങ് ക്രീമുകള്‍, സ്‌പ്രേകള്‍, ഗ്രാനൈറ്റ് തുടങ്ങിയവയും നികുതി കുറച്ച പട്ടികയിലുണ്ട്. പെയിന്റ്, സിമെന്റ് എന്നിവയുടെ നികുതി നിരക്ക് 28 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനമായി. ആഢംബര ഉത്പന്നങ്ങളായ വാഷിങ് മെഷീന്‍, എയര്‍ കണ്ടീണനര്‍ എന്നിവയ്ക്കും ഇതേ നികുതി ഒടുക്കേണ്ടി വരും. നേരത്തെ, 62 ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്ന ആവശ്യമാണ് കൗണ്‍സിലിന് മുമ്പില്‍ വന്നിരുന്നത്. എന്നാല്‍ കൂടുതല്‍ ഉപയോഗത്തിലുള്ള ഉത്പന്നങ്ങളുടെ നിരക്കുകള്‍ കുറയ്ക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു എന്ന് സുശീല്‍ മോദി പറഞ്ഞു. നിരക്കു കുറയ്ക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ഹരിയാന മന്ത്രി ക്യാപ്റ്റന്‍ അഭിമന്യു പറഞ്ഞു.
നേരത്തെ നിരക്കുകള്‍ കുറയ്ക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാറിന് വര്‍ഷം പ്രതി ഇരുപതിനായിരം കോടി രൂപയുടെ നഷ്ടം ഇതുമൂലമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments