ദളിത് യുവാക്കളെ മലിനജലം കുടിപ്പിച്ച ബിജെപി നേതാവ് കീഴടങ്ങി

reddy

മണല്‍ ഖനനത്തിനെതിരെ പ്രതിഷേധിച്ച ദളിത് യുവാക്കളെ മര്‍ദ്ദിക്കുകയും മലിനജലം കുടിപ്പിക്കുകയും ചെയ്‌ത ബിജെപി നേതാവ് കീഴടങ്ങി. ബിജെപി നിസാമാബാദ് മുന്‍ ജില്ലാ സെക്രട്ടറി ഭാരത് റെഡ്ഡിയാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഭാരത് റെഡ്ഡിയുടെ പേരില്‍ രണ്ട് കൊലപാതക കേസടക്കം നിരവധി കേസുകളുണ്ട്. മൂന്ന് മാസത്തോളമായി നിസാമാബാദില്‍ തുടര്‍ന്നുവന്ന സമരത്തിനുശേഷമാണ് ഇയാള്‍ കീഴടങ്ങിയത്. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വി ശ്രീനിവാസറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ അഭംഗപട്ടണം പ്രദേശത്ത് അനുമതിയില്ലാതെ മണല്‍ഖനനം നടത്തിയിരുന്നു. മണല്‍ഖനനം ചോദ്യംചെയ്ത ദളിത് വിഭാഗക്കാരായ കോന്ദ്ര ലക്ഷ്മണ്‍, രാജേശ്വര്‍ എന്നിവരെയാണ് ഭരത് റെഡ്ഡി മര്‍ദിക്കുകയും സമീപത്തെ ചെളിവെള്ളത്തില്‍ ഇറക്കിനിര്‍ത്തുകയും ചെയ്‌തത്. അരിശംതീരാതെ ചെള്ളിവെള്ളത്തില്‍ മുങ്ങാന്‍ ആവശ്യപ്പെട്ടു. തങ്ങളെ ഉപദ്രവിക്കരുതെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടും ഭരത് റെഡ്ഡി തയ്യാറായില്ല. ഭരത് റെഡ്ഡിയുടെ അനുയായികള്‍ സംഭവം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബിജെപി നേതാവിന്റെ ദളിത് പീഡനം പുറത്തായത്. ദളിത് സംഘടനാനേതാവ് മണിക്കോളി ഗംഗാധരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.