പന്തളം കൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ്മ കള്ളനും അവസരവാദിയും കാലുമാറ്റക്കാരനുമാണെങ്കില്‍ ശബരിമല തന്ത്രി അതിഭൗതികവാദിയാണെന്ന് മന്ത്രി ജി. സുധാകരന്‍ . അതുകൊണ്ടാണ് എന്തു പ്രശ്നം വന്നാലും ജീവന്‍ കളഞ്ഞും അയ്യപ്പനെ സംരക്ഷിക്കുമെന്ന് പറയേണ്ടതിന് പകരം ക്ഷേത്രം പൂട്ടി സ്ഥലം വിടുമെന്നു പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ഐ.ആര്‍.പി.സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ബക്കളത്ത് നടന്ന ശബരിമല ഇടത്താവള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജപ്രതിനിധി എന്ന് അവകാശപ്പെടുന്ന ഇയാള്‍ പാര്‍ട്ടി അംഗവും എസ്.എഫ്.ഐ ഭാരവാഹിയുമായിരുന്നു. അങ്ങനെ ജോലിയും കിട്ടി. ഇപ്പോള്‍ കാലുമാറി. കള്ളനും മോഷണ സ്വഭാവമുള്ള ആളാണ് ശശികുമാര്‍ വര്‍മ്മ. അതുകൊണ്ടാണ് തിരുവാഭരണം തിരിച്ചുകിട്ടുമോ എന്നു ചോദിക്കുന്നത്. നല്ല സാമ്പത്തികമാണ് തന്ത്രിക്ക് ലഭിക്കുന്നത്.അതുകൊണ്ടാണ് ശബരിമലയില്‍ അള്ളിപ്പിടിച്ച് ഇരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.