ഉത്തർപ്രദേശിലെ അലഹാബാദിൽ നിയമവിദ്യാർഥിയെ ഒരു സംഘം നടുറോഡിൽ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. അലഹാബാദിൽ റോഡ് ഉപരോധിച്ച വിദ്യാർഥികൾ കല്ലെറിയുകയും ബസ് കത്തിക്കുകയും ചെയ്തു. അലഹബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് പോലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധിച്ചത്. സംഭവത്തിൽ അക്രമണം നടന്ന ഭക്ഷണശാലയിലെ ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തെങ്കിലും മുഖ്യപ്രതിയെന്നു പോലീസ് സംശയിക്കുന്നയാൾ ഇപ്പോഴും ഒളിവിലാണ്. കൊലപാതകത്തിന്റെ മൊബൈൽ ഫോണ് ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ദിലീപ് സരോജ് എന്ന നിയമ വിദ്യാർഥിയാണ് അലഹാബാദിലെ ഒരു ഭക്ഷണശാലയ്ക്കു സമീപം ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഹോക്കി സ്റ്റിക്കുകളും ഇരുന്പ് ദണ്ഡുകളും കട്ടകളും ഉപയോഗിച്ചുള്ള ഒരു സംഘത്തിന്റെ മർദനത്തിലാണ് ദിലീപ് കൊല്ലപ്പെട്ടതെന്ന് വീഡിയോ ദൃശ്യങ്ങൾ വെളിപ്പെടുത്തി. മദ്യലഹരിയിലുള്ള അക്രമി സംഘം ദിലീപിനെ മർദിക്കുന്നതു തടയാൻ ആരും തയാറാകുന്നില്ല എന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ചുസമയത്തിനുശേഷം ഒരാളെത്തി അക്രമികളെ തള്ളിമാറ്റുന്നതും ദിലീപിനെയുമായി ബൈക്കിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും.
സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ ദിലീപ് ഭക്ഷണശാലയ്ക്കു സമീപം അക്രമികളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും ഇതാണ് ആക്രമണത്തിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു. മർദനദൃശ്യങ്ങൾ ഭക്ഷണശാലയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടൽ ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചു. ഹോട്ടലിൽ തർക്കത്തിനിടെ തനിക്ക് മർദനമേറ്റെന്നും ഇതിന്റെ ദേഷ്യത്തിൽ താൻ ഇരുന്പ് ദണ്ഡ് ഉപയോഗിച്ച് ദിലീപിനെ മർദിക്കുകയായിരുന്നെന്നും അറസ്റ്റിലായ ജീവനക്കാരൻ മുന്ന ചൗഹാൻ പോലീസിനു മൊഴി നൽകി. ഒളിവിൽ പോയ വിജയ് ശങ്കറാണ് മർദനത്തിനു തുടക്കമിട്ടതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.