Thursday, April 18, 2024
HomeNationalരാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ ചാണ്ടിയും സംഘവും ഷില്ലോങ്ങിൽ

രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ ചാണ്ടിയും സംഘവും ഷില്ലോങ്ങിൽ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.സി.ജോസഫ് എം.എല്‍.എയും ഷില്ലോംഗിലെത്തി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സംഘം തന്നെ വരും ദിവസങ്ങളില്‍ മേഘാലയത്തിലെത്തും. നാല് ദിവസത്തെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്നലെ ഷില്ലോംഗിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മലയാളികളും ഊഷ്മള വരവേല്‍പ്പ് നല്‍കി.വലിയ സമ്മേളനങ്ങള്‍ക്ക് പകരം ചെറിയ കുടുംബയോഗങ്ങള്‍ക്കാണ് നാല് ദിവസവും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മേഘാലയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും പ്രചാരണത്തിന്റെ ചുമതല കോട്ടയത്തുനിന്നുളള നേതാക്കളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പു പ്രചരണപരിപാടികളുടെ മേല്‍നോട്ടം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനാണ്. ഉമ്മന്‍ ചാണ്ടിയും കെ.സി.ജോസഫും കൂടാതെ കോട്ടയം കാരായ ആന്റോ ആന്റണി എം.പി., ജോസഫ് വഴയ്ക്കന്‍, അഡ്വ. ടോമി കല്ലാനി, മധു ഏബ്രഹാം, സുനു ജോര്‍ജ് എന്നീ കോണ്‍ഗ്രസ് നേതാക്കളെയാണ് എ.ഐ.സി.സി.പ്രചരണത്തിനായി നിയോഗിച്ചിട്ടുള്ളത്. കോട്ടയത്ത് നിന്നുളള നേതാക്കളെ കൂടാതെ ലാലി വിന്‍സന്റ്, ഡൊമനിക് പ്രസന്റേഷന്‍, അഡ്വ: ജോര്‍ജ് മേഴ്‌സിയര്‍, ഇ.എം. അഗസ്തി എന്നിവരും മേഘാലയില്‍ പ്രചാരണത്തിനെത്തും. ഈ മാസം 27-നാണു മേഘാലയ നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ്. അറുപതംഗ നിയമസഭയിലേക്ക് 377 പേരാണു ജനവിധി തേടുന്നത്. മേഘാലയിലെ ജനസംഖ്യയില്‍ 74.59 ശതമാനവും ക്രിസ്ത്യന്‍ വിഭാഗമാണ്. മുകള്‍ സംഗ്മയുടെ നേത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരാണ് നിലവില്‍ മേഘാലയ ഭരിക്കുന്നത്. 29 എം.എല്‍.എ.മാരാണു കോണ്‍ഗ്രസിനുളളത്. സ്വതന്ത്ര എം.എല്‍.എ.മാരുടെ പിന്തുണയോടെയാണു കോണ്‍ഗ്രസിന്റെ ഭരണം. നിലവില്‍ രണ്ടു എം.എല്‍.എ.മാര്‍ മാത്രമാണു ബി.ജെ.പിക്കുണ്ടായിരുന്നത്. മേഘാലയില്‍ ബി.ജെ.പിക്ക് ഇതുവരെയും പ്രതിപക്ഷ സ്ഥാനം പോലും കിട്ടിയിട്ടില്ല. യു.ഡി.പി.യാണു നിലവിലുളള പ്രതിപക്ഷ പാര്‍ട്ടി. ഇവര്‍ക്ക് 9 എം.എല്‍.എമാരാണുളളത്.എന്‍.സി.പി.ക്ക് രണ്ടു എം.എം.എല്‍.എ.മാരുണ്ട്. ഈ പാര്‍ട്ടികള്‍ക്ക് പുറമേ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഡവലപ്‌മെന്റ് പാര്‍ട്ടി ,ആംആദ്മി പാര്‍ട്ടി എന്നിവരും മത്സരരംഗത്തുണ്ട്. അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടന്‍ തന്നെ മേഘാലയിലെ ബി.ജെ.പി.യുടെ ചുമതലയും നല്‍കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments