ബിജെപിക്കെതിരെ ഉമ്മൻചാണ്ടിയും യു. ഡി. എഫും നീക്കങ്ങൾ നടത്തുന്നുവെന്ന് സുരേന്ദ്രൻ

surendran

ബിജെപിക്ക് സ്വാധീനം കുറവുളള സംസ്ഥാനങ്ങളില്‍ അതതിടത്തെ ചെറുകക്ഷികളെ കൂടെക്കൂട്ടി ഭരണം പിടിക്കുകയെന്ന തന്ത്രം ബിജെപി പലയിടത്തും പയറ്റുന്നുണ്ട്. സിപിഎമ്മിന്റെ കോട്ടയായ ത്രിപുരയിലടക്കം ബിജെപി പയറ്റിയ തന്ത്രമതാണ്. കേരളത്തില്‍ പക്ഷേ ബിജെപിക്ക് പറ്റിയ കൂട്ടരെ ഇതുവരെ ഒത്ത് കിട്ടിയിട്ടില്ല. വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസ്, ബിജെപിക്കൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ രാഷ്ട്രീയമായി വലിയ ഗുണമൊന്നും അത് കേരളത്തില്‍ പാര്‍ട്ടിക്ക് ഉണ്ടാക്കിയിട്ടില്ല. ഇപ്പോഴാകട്ടെ രാജ്യസഭാ സീറ്റിന്റെ പേരില്‍ വെള്ളാപ്പള്ളിയും മകനും ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുകയുമാണ്. എന്നാല്‍ ഇതൊക്കെ കുപ്രചരണങ്ങളാണ് എന്നും എല്ലാത്തിനും പിന്നിലൊരാളാണെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ പറയുന്നത് ഇതാണ്: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിലെ എൻ. ഡി. എ മുന്നണിയിൽ വിള്ളലുണ്ടാക്കാനാവുമോ എന്ന പരിശ്രമത്തിലാണ് തൽപ്പര കക്ഷികൾ. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം കൂടി പുറത്തു വന്നതോടുകൂടി ഈ നീക്കം കൂടുതൽ ശക്തമായിരിക്കുകയാണ്. ബി. ജെ. പിയുടെ വിജയസാധ്യത മുന്നിൽ കണ്ട് നടത്തുന്ന ഈ നീക്കത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ഉമ്മൻചാണ്ടിയും യു. ഡി. എഫുമാണ്. ഉമ്മൻചാണ്ടിയുടെ ജീവാത്മാവും പരമാത്മാവുമായ ഒരു മലയാളം ചാനലാണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്. അവർ മനപ്പൂർവം ഇല്ലാത്ത കഥകൾ പടച്ചുവിടുകയാണ്. ഈ അടുത്ത കാലത്ത് പൊടുന്നനെ അവർ ഒരു കഥ പടച്ചുവിട്ടു.പിന്നീട് അതിൻറെ പേരിൽ ഉപകഥകളും നിറം പിടിപ്പിച്ച നുണകളും പ്രചരിപ്പിച്ചു. എങ്ങനെയെങ്കിലും ബി. ഡി. ജെ. എസ്സിനേയും ബി. ജെ. പിയേയും തമ്മിൽ തെററിക്കണം. ചെങ്ങന്നൂരിൽ എൻ. ഡി. എ വിജയിച്ചാൽ കോൺഗ്രസ്സിന് ത്രിപുരയിലെ ഗതിവരുമെന്ന് അവർക്കറിയാം. ബി. ജെ. പി ബി. ഡി. ജെ. എസ് ഐക്യം കാലഘട്ടത്തിൻറെ അനിവാര്യതയാണ്. അതിനെ തകർക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് ഉമ്മൻചാണ്ടിക്കു നല്ല ബോധ്യമുണ്ട്. കോട്ടയം വാർത്ത കോഴിക്കോടുനിന്ന് കൊടുപ്പിച്ചാൽ ആർക്കും മനസ്സിലാവില്ലെന്ന് കരുതരുത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചാടിക്കേറി നവമാധ്യമങ്ങളിൽ വികാരപ്രകടനം നടത്തുന്നവർ ഓർക്കുക ഇക്കൂട്ടരുടെ കെണിയിലാണ് നിങ്ങൾ വീഴുന്നതെന്ന്.കേരളത്തിലെ എന്‍ഡിഎയുടെ ഭാഗമാണ് എങ്കിലും അര്‍ഹിക്കുന്ന പരിഗണന തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന് തുടക്കം മുതല്‍ വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പരാതിപ്പെടുന്നുണ്ട്. ഇത്തവണ രാജ്യസഭാ സീറ്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിക്കുമെന്ന് വന്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ ആ സീറ്റ് ബിജെപി നേതാവ് കെ മുരളീധരന്‍ കൊണ്ടുപോയി. ഇതോടെ മുന്നണിയില്‍ ബിജെപി-ബിഡിജെഎസ് ഭിന്നത രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ താന്‍ എംപി സ്ഥാനം ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യ്ക്തമാക്കുന്നത്.കേരളത്തിലെ എന്‍ഡിഎയിലെ മറ്റ് ഘടകകക്ഷികളും അതൃപ്തിയിലാണ്. ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്നൊരു പൊതുവികാരം എന്‍ഡിഎയ്ക്ക് ഉള്ളില്‍ നിലനില്‍ക്കുന്നുണ്ട്. ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ ബിഡിജെഎസിന് അവകാശപ്പെട്ട 14 ഓളം പോസ്റ്റുകള്‍ക്ക് വേണ്ടി കത്ത് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടില്ല എന്ന പരാതി വെള്ളാപ്പള്ളിക്കും കൂട്ടര്‍ക്കുമുണ്ട്. കേരളത്തില്‍ എന്‍ഡിഎയുടെ പ്രവര്‍ത്തനം പരാജയമാണെന്നും മുന്നോട്ടുള്ള നടപടികള്‍ എന്താകണമെന്ന് പാര്‍ട്ടി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ബിജെപിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് എത്തിയിട്ടുണ്ട്.തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബിജെപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ എന്‍ഡിഎ സംവിധാനം വന്‍ പരാജയമാണ് എന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. ജില്ലാ തലത്തില്‍ പോലും എന്‍ഡിഎയെ വിജയകരമായി കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ ബിജെപിക്ക് സവര്‍ണ മേധാവിത്വമാണ് എന്നും ചെങ്ങന്നൂരില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. കേരളത്തില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു