കോവിഡ് 19: ജില്ലയില്‍ 969 പേര്‍ നിരീക്ഷണത്തില്‍; ഇന്ന്(മാര്‍ച്ച് 11) ലഭിച്ച 10 റിസല്‍ട്ടുകളും നെഗറ്റീവ്; 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 969 പേര്‍. 25 പേര്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് (മാര്‍ച്ച് 11) ലഭിച്ച 10 പേരുടെ റിസല്‍ട്ടുകളും നെഗറ്റീവായതിനെ തുടര്‍ന്ന് 9 പേരെ വീടുകളിലേക്ക് മാറ്റി. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.  ഇന്ന്(മാര്‍ച്ച് 11) പുതിയതായി ആറുപേരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 12 സര്‍വൈലന്‍സ് ടീമുകളുടെ ശ്രമഫലമായി ഇന്ന്(മാര്‍ച്ച് 11) 13 പ്രൈമറി കോണ്‍ടാക്ട്, 34 സെക്കന്ററി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെകൂടി കണ്ടെത്തുവാന്‍ കഴിഞ്ഞു. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 70 പേര്‍ വിളിച്ചതില്‍ 15 പേര്‍ പ്രൈമറി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായിരുന്നു. ഇതില്‍ 14 പേര്‍ വീടുകളില്‍ നിരീക്ഷത്തില്‍ കഴിയുന്നവരായിരുന്നു. എന്നാല്‍ ഒരാള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഹൈ റിസ്‌ക്ക് കാറ്റഗറില്‍ ഉള്‍പ്പെട്ട 165 പേരില്‍ അഞ്ചുപേരുടെ റൂട്ട് മാപ് തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ ഇവര്‍ സഞ്ചരിച്ച പൊതുസ്ഥലങ്ങളിലെ റൂട്ട് മാപ് പുറത്തുവിടുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ നിന്ന് ഇതുവരെ 69 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. 30 പേരുടെ ഫലം നെഗറ്റീവായപ്പോള്‍ 9 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡിലാണ്. ഇനി 30 പേരുടെ റിസള്‍ട്ട് ലഭിക്കാനുണ്ട്. ഇതില്‍ കുറഞ്ഞത് 12 പേരുടെ റിസള്‍ട്ട് നാളെ( മാര്‍ച്ച് 12) ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡുകളും സ്വകാര്യ മേഖലയില്‍ 48 ബെഡുകളും ഐസലേഷനായി സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ പേരെ പ്രവേശിപ്പിക്കേണ്ടി വന്നാല്‍ റാന്നി മേനാംതോട്ടം ആശുപത്രിയും പന്തളം അര്‍ച്ചന ആശുപത്രിയും 24 മണിക്കൂറിനകം സജ്ജമാക്കാന്‍ കഴിയുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.