ജിഷ്ണുവിന്റെ അമ്മ മഹിജക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി. ഈ മാസം 15ന് മഹിജക്ക് കാണാമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നിരാഹാര സമരം നടത്തിയിരുന്ന ജിഷ്ണുവിന്റെ ബന്ധുക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ പകര്‍പ്പ് മഹിജക്ക് കൈമാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
നേരത്തെ, മഹിജ മുഖ്യമന്ത്രിയെ കാണാന്‍ ആവശ്യമുന്നയിച്ചപ്പോഴൊന്നും അനുമതി നല്‍കാന്‍ ഓഫീസ് തയാറയിരുന്നില്ല. ജിഷ്ണുവിന്റെ അമ്മയെ കാണില്ലെന്ന് ആവര്‍ത്തിച്ച് പറയുകയും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാനോ ബന്ധുക്കളുടെ പരാതികള്‍ കേള്‍ക്കാനോ തയാറാവാതിരുന്നതും മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പൊലീസ് അന്വേഷണത്തില്‍ അതൃപ്തി അറിയിക്കുന്നതിനും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെടുന്നതിനും പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും നേരിട്ടതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിരുന്നു. ഒടുവില്‍ ജിഷ്ണുവിന്റെ രക്ഷിതാക്കളും സഹോദരിയും അമ്മാവന്‍ ശ്രീജിത്തും നിരാഹാരം നടത്തിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കരാറില്‍ ഏര്‍പ്പെട്ടിരുന്നു.