കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. സഹോദരന്‍ കെ.ആര്‍. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മണിയുടെ മരണകാരണം കരള്‍ രോഗമാണെന്നാണ് സിബിഐ നിലപാട്. കൂടാതെ കേസുകളുടെ ബാഹുല്യമുണ്ടെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
നരഹത്യ, ആത്മഹത്യാ സാധ്യത എന്നിവ പരിശോധിച്ചെങ്കിലും ഒന്നും കണ്ടില്ലെന്നാണു പൊലീസിന്റെ വിശദീകരണം. ഇതിനു പുറമേ രോഗം മൂലമുള്ള സ്വഭാവിക മരണം, അറിയാതെ വിഷമദ്യം കഴിക്കുക എന്നീ സാധ്യതകളും പരിശോധിച്ചു. മണിക്ക് കരള്‍, വൃക്ക രോഗങ്ങളുണ്ടായിരുന്നു. റീജനല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി.
എന്നാല്‍, ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ ഈതൈല്‍ ആല്‍ക്കഹോള്‍, മീതൈല്‍ ആല്‍ക്കഹോള്‍ എന്നിവ മാത്രമാണു കണ്ടതെന്നായിരുന്നു സംസ്ഥാന പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.