കൊച്ചി ബ്യൂട്ടി പാര്‍ലർ വെടിവെയ്പ്പ്; 2 പേർ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ

Leena MAria Paul

നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ക്കാനുള്ള ക്വട്ടേഷന് ഏറ്റെടുത്ത പ്രതികളുടെ വീട്ടില്‍ നിന്ന് മൂന്ന് തോക്കുകള്‍ കണ്ടെത്തി. പിടിയിലായ ബിലാല്‍, വിപിന്‍ എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് നാടന്‍ തോക്കും പിസ്‌റ്റളും കണ്ടെത്തിയത്. വെടിവയ്പു നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്ന ദൗത്യമായിരുന്നു പെരുമ്ബാവൂരുള്ള ഗുണ്ടാ സംഘം എറണാകുളം സ്വദേശികളായ വിപിനെയും ബിലാലിനെയും ഏല്‍പിച്ചിരുന്നത്. ഒരു കോടി രൂപയായിരുന്നു വാഗ്ദാനം. വെടിവയ്‌പിന് ശേഷം പ്രതികള്‍ക്ക് ആകെ നല്‍കിയത് 50000 രൂപ മാത്രമാണ്. ബാക്കി തുകയ്ക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെടാന്‍ ഇവര്‍ക്ക് സാധിച്ചില്ല. മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണ് ഇവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. വെടിവെപ്പ് നടത്തിയ രണ്ടുപേരും പല തവണ കാസര്‍കോട്ടെത്തിയതായും ക്രൈംബ്രഞ്ച് കണ്ടെത്തിയിട്ടുണ്ട്. രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട് സംഘമാണ് തങ്ങള്‍ക്ക് പണം നല്‍കിയതെന്നും പിടിയിലായവര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായി വിവരമുണ്ട്. പിടിയാലായ യുവാക്കള്‍ക്കെതിരെ മറ്റു ചില കേസുകളും നിലവിലുണ്ട്. കൊല്ലത്തെ ഒരു ഡോക്ടറാണ് വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിച്ചുണ്ട്.
ലീന മരിയ പോളില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയത്. ഇതു നടക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് നേരെ വെടിയുതിര്‍ത്തതെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.ഇക്കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിയുതിര്‍ത്തത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി രംഗത്ത് നരികയും ചെയ്തിരുന്നു. ലീനയില്‍ നിന്നും പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് സംഘം വെടിവെപ്പ് ആസൂത്രണം ചെയ്തത്.