ന്യൂയോര്‍ക്ക് :യുനൈറ്റഡ് നേഷൻസ്: കോവിഡിനെ തുടർന്ന് ആഗോളതലത്തിൽ ദാരിദ്ര്യം വർധിക്കുമെന്ന് യു.എൻ. 50 കോടി ജനങ്ങളെയാണ് മഹാമാരി പട്ടിണിയിലേക്ക്തള്ളിവിടുക. 30 വർഷത്തിനുശേഷം ആദ്യമായാകും ലോകം ഇത്തരമൊരു അവസ്ഥയിലേക്കു വീഴുകയെന്നും യു.എൻ ഏജൻസി നടത്തിയ പഠനത്തിൽ പറയുന്നു. ലണ്ടനിലെ കിങ്സ് കോളജിെലയും ആസ്ട്രേലിയൻ നാഷനൽ യൂനിവേഴ്സിറ്റിയിലെയും വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പഠനം.
നിലവിലെ ആരോഗ്യപ്രതിസന്ധിയെക്കാൾ കടുത്തതാകും സാമ്പത്തികമാന്ദ്യം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി പ്രതിനിധികളുടെയും ജി20 ധനകാര്യ മന്ത്രിമാരുടെയും സമ്മേളനത്തിനു മുന്നോടിയായാണ് റിപ്പോർട്ട് പുറത്തിറക്കിയത്. കോവിഡ് മൂലം യു.എസിലെ മിയാമിയിൽ തൊഴിൽരഹിതരായത് ആയിരങ്ങളാണ്. ബുധനാഴ്ച തൊഴിലില്ലാത്തവർക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകാൻ എത്തിയത് നൂറുകണക്കിനാളുകളാണ്. മാർച്ച് 15നും ഏപ്രിൽ അഞ്ചിനുമിടയിൽ ഫ്ലോറിഡയിൽ തൊഴിൽരഹിതരായ അഞ്ചരലക്ഷം പേരാണ് സഹായത്തിനായി അപേക്ഷ നൽകിയത്. കോവിഡ് പടർന്നുപിടിച്ചതോടെ രണ്ടാഴ്ചക്കിടെ യു.എസിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം ഒരു കോടി കവിഞ്ഞിരിക്കയാണ്. 660 ലക്ഷം ആളുകളാണ് തൊഴിലില്ലാത്തവരുടെ ആനുകൂല്യത്തിന് അപേക്ഷ നൽകിയത്. കാനഡയിൽ 10 ലക്ഷം ആളുകൾ തൊഴിൽ രഹിതരായി.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ യു.എസിലാണ്. കോവിഡ് ഏറ്റവും മാരകമായി ബാധിച്ച ന്യൂയോർക്കിൽ ദുരന്തസൂചകമായി പതാക പകുതി താഴ്ത്തിക്കെട്ടി. അതിനിടെ, കോവിഡ് പരത്തുമെന്ന് പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ ഭീകരക്കുറ്റം ചുമത്തി. അതേസമയം, കോവിഡിനെ ചെറുക്കുന്നതിൽ സർക്കാറിന് പാളിച്ചപറ്റിയെന്ന് അംഗീകരിക്കാൻ ട്രംപ് തയാറായിട്ടില്ല. ഐസൊലേഷൻ നടപടികൾ ഫലംകാണുന്നുവെന്ന നിഗമനത്തിലാണ് ഭരണകൂടം.