ലോക്ക്ഡൗണ്‍ 257 കേസ്, 273 അറസ്റ്റ്

ഇന്നലെ (11/04/2020) ഉച്ചമുതല്‍ ഇന്ന് (12/04/2020) ഉച്ചയ്ക്ക് രണ്ടുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 257 കേസുകള്‍. 273 പേര്‍ പിടിയിലാകുകയും 216 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. വാറ്റ് ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടിയതിനും വീട്ടില്‍ ക്വാറന്‍ടൈനില്‍ കഴിഞ്ഞുവന്നയാള്‍ വിലക്ക് ലംഘിച്ചതിനും എടുത്ത കേസുകള്‍ ഉള്‍പ്പെടെയാണിത്. അതേസമയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം വിലക്കുകള്‍ ലംഘിച്ചതിന് ജില്ലയില്‍ ശനിയാഴ്ച(11) ആണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആകെ 401 കേസുകളാണ് ശനിയാഴ്ച മാത്രം റിപ്പോര്‍്ട്ട്  ചെയ്തതെന്ന്  ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.നിബന്ധനകള്‍ പാലിക്കാതെ കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ആളുകള്‍ അനാവശ്യമായി നിരത്തുകളില്‍ കൂട്ടം കൂടുന്നതിനും രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ക്ക് കുറവില്ല. ലംഘനങ്ങള്‍ തടഞ്ഞ് നിയമനടപടികള്‍ കൈക്കൊള്ളുന്നത് കര്‍ശനമായി തുടരുമെന്നും ജില്ലാ പോലീസ് മേധാവി ആവര്‍ത്തിച്ചു. ചാരായം വാറ്റിയതിന് അടൂര്‍ ഏഴംകുളം, തേപ്പുപാറയില്‍ നിന്നും രണ്ടു പേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.ആറു ലിറ്റര്‍ ചാരായവും 5 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഏഴംകുളം തേപ്പുപാറ പത്മവിലാസം വീട്ടില്‍ ഗിരീഷ് കുറുപ്പ്, തേപ്പ്പാറ എഴുമണ്ണില്‍ റോയി വര്‍ഗീസ് എന്നിവരെയാണ് അടൂര്‍ എസ്.ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ബിജു, എസ്.സി.പി.ഓ സനല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഗിരീഷിന്റെ അടുക്കളയില്‍ സൂക്ഷിച്ചനിലയിലായിരുന്നു ചാരായവും കോടയും വാറ്റുപകരണങ്ങളും. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പുറമേ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ നിര്‍ദ്ദിഷ്ട വകുപ്പുകളും കൂട്ടിച്ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. വ്യാജചാരായ നിര്‍മ്മാണവും അനധികൃത വിദേശമദ്യ വില്പന യും എന്തുവിലകൊടുത്തും തടയുമെന്നും പരിശോധനകളും റെയ്ഡും ശക്തമായി തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ക്വാറന്‍ടൈന്‍ ലംഘിച്ചതിന് തണ്ണിത്തോട് പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു.