കോവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും, രോഗലക്ഷണങ്ങളുമായി വാര്‍ഡുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്കും ഇനി ”വീട്ടില്‍നിന്ന്” വസ്ത്രങ്ങളെത്തും. ഇവര്‍ക്കുള്ള വസ്ത്രങ്ങള്‍ തുന്നുന്നതിന് ആറന്മുള മണ്ഡലത്തില്‍ ”ഫ്രം ഹോം” ശൃംഖല രൂപീകരിച്ചതായി വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോവിഡ് രോഗികളും, ആശുപത്രിയില്‍ തന്നെ ഐസലേഷനില്‍ കഴിയുന്നവരും ഇടുന്ന വസ്ത്രങ്ങള്‍ ഒരു തവണത്തെ ഉപയോഗത്തിനു ശേഷം പ്രത്യേകമായി സീല്‍ ചെയ്ത് ബയോമെഡിക്കല്‍ മാലിന്യത്തിനൊപ്പം ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ വസ്ത്രങ്ങള്‍ക്കും തോര്‍ത്തുകള്‍ക്കും ബെഡ്ഷീറ്റുകള്‍ക്കും ആവശ്യം ഏറെയാണ്. നിലവില്‍ കോവിഡ് ആശുപത്രിയായി മാറ്റിക്കഴിഞ്ഞ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബെഡ് ഷീറ്റ് ഉള്‍പ്പെടെയുള്ളവയുടെ എണ്ണം പരിമിതമായ സാഹചര്യത്തിലാണ് ഇതിനെക്കുറിച്ച് ചിന്തിച്ചതെന്ന് എംഎല്‍എ പറഞ്ഞു. ഷര്‍ട്ടുകള്‍, സ്ത്രീകളുടെ വസ്ത്രങ്ങള്‍, കൈലികള്‍ എന്നിവയ്ക്കൊപ്പം ബെഡ്ഷീറ്റുകളും തോര്‍ത്തുകളും ആവശ്യമാണ്. തുന്നല്‍ അറിയുന്നവരും വീട്ടില്‍ മെഷീന്‍ ഉള്ളവരുമായ നിരവധി പേര്‍ ഇതില്‍ പങ്കാളികളാകാന്‍ സന്നദ്ധരായി എത്തിയിട്ടുള്ളതായി എംഎല്‍എ പറഞ്ഞു. തുണികള്‍(അതത് വസ്ത്രത്തിന് ആവശ്യമാം വിധം മുറിച്ച് വേണമെങ്കില്‍ അങ്ങനെയും) വീടുകളില്‍ എത്തിക്കും. തയ്ച്ച തുണിത്തരങ്ങള്‍ വീടുകളില്‍ നിന്ന് വോളന്റിയേഴ്സ് തന്നെ സ്വീകരിച്ച് ആശുപത്രികളില്‍ എത്തിക്കും. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ തുണികള്‍ കഴുകുന്നതിന് പവര്‍ ലോണ്‍ട്രി ഇല്ല. ആശുപത്രിയുടെ ആവശ്യപ്രകാരം എംഎല്‍എ ഫണ്ടില്‍നിന്ന് പവര്‍ ലോണ്‍ട്രി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പവര്‍ ലോണ്‍ട്രി സ്ഥാപിക്കുംവരെ, തുന്നുന്ന പുതിയ വസ്ത്രങ്ങള്‍ കഴുകിയ ശേഷം മാത്രം ആശുപത്രിയില്‍ എത്തിക്കുക. രോഗികള്‍ക്കും, ഭാവിയില്‍ ആശുപത്രി സ്റ്റാഫിനും ഇതേ രീതിയില്‍ ആശുപത്രി വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതിനും ഇതേ സംവിധാനത്തിലൂടെ കഴിയുമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
”ഫ്രം ഹോം” പദ്ധതിയുമായി വീണാ ജോര്‍ജ് എംഎല്‍എ; കോവിഡ് വാര്‍ഡുകളില്‍ ഇനി വീട്ടില്‍ നിന്ന് വസ്ത്രങ്ങളെത്തും
RELATED ARTICLES