പ്ലാസ്റ്റിക്കിൽ നിന്ന് പെട്രോൾ; സിറിയൻ ‘ടെക്നോളോജി’

petrol

ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു. പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും നമ്മള്‍ ഗൌരവമായി എടുത്തിട്ടില്ല.
പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകാരിയായ വിഷങ്ങളാണ്. മാത്രമല്ല, പ്ലാസ്റ്റിക്ക് മണ്ണില്‍ 4000 മുതല്‍ 5000 വര്ഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും ചില വിഷാംശങ്ങള്‍ ജലത്തിലും കലര്‍ന്ന് നമ്മുടെ കുടി വെള്ളത്തിലും കലരുന്നു. വില്ലനാവുന്ന പ്ലാസ്റ്റിക്കിനെ ഭീതിയോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇപ്പോഴിതാ പ്ലാസ്റ്റിക്കിനെ ഭയപ്പെടാതെ തന്നെ നിത്യജീവിതത്തില്‍ ഏറ്റവും ഉപയോഗപ്പെടുന്ന തരത്തിലേക്ക് മാറ്റിയെടുക്കാവുന്ന കണ്ടുപിടുത്തവുമായാണ് സിറിയക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക്കിനെ ഇന്ധനമായി പുനരുപയോഗിക്കാമെന്നാണ് ഇവരുടെ നൂതന കണ്ടുപിടുത്തം.

യുദ്ധക്കെടുതിയും ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളും രൂക്ഷമായതോടെയാണ് സിറിയന്‍ ഗ്രാമങ്ങളില്‍ പലതും ഭീമമായ പട്ടിണിയിലേക്കെത്തുകയായിരുന്നു. കൃഷി, വ്യാവസായം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും സൗകര്യങ്ങള്‍ ലംഭിക്കാതെ വന്നു. കാര്‍ഷികാവശ്യങ്ങള്‍ക്ക് മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ പോലും ഇന്ധനം ലഭ്യമാവാതെ വന്നപ്പോഴാണ് പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ധനം ഉത്പാദിപ്പിക്കാമെന്ന പരീക്ഷണത്തിലേക്ക് ഇവര്‍ എത്തിയത്. അതെ, ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ്.
ഡമാസ്‌കസിനു സമീപത്തുള്ള ഡോമയില്‍ നിന്നുള്ള അബു കാസിമും മകനും അടങ്ങുന്ന സംഘവും ചേര്‍ന്നാണ് ഈ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്ലാസ്റ്റിക്കിനെ ദ്രാവക രൂപത്തിലും ഇന്ധന രൂപത്തിലുമുള്ള ഇന്ധനമാക്കി മാറ്റാമെന്ന് ഇവര്‍ പരീക്ഷിച്ചു തെളിയിക്കുകയും ചെയ്തു. ഇങ്ങനെ നിര്‍മ്മിക്കുന്ന പെട്രോളും ഡീസലും ആവശ്യമെങ്കില്‍ വാണിജ്യാവശ്യങ്ങള്‍ക്ക് വരെ ഉപയോഗിക്കാമെന്നും ഇവര്‍ വാദിക്കുന്നുണ്ട്. മൂന്നര വര്‍ഷത്തോളമായി ഇവര്‍ ഈ പരീക്ഷണവുമായി മുന്നിട്ടിറങ്ങിയിട്ട്. എന്നാല്‍ ഇപ്പോഴാണ് ഈ പ്ലാസ്റ്റിക്ക് എണ്ണശാലയെ പറ്റി ലോകം അറിയുന്നത്. 100 കിലോ പ്ലാസ്റ്റിക് ഉപയോഗിച്ച് 85 ലിറ്റര്‍ വരെ പെട്രോളോ, ഡീസലോ ആക്കി മാറ്റാമെന്നാണ് ഇവരുടെ വാദം.
മുന്‍ നിര്‍മ്മാണ തൊഴിലാളിയാണ് അബു കാസിം. വീഡിയോകളിലൂടെ സ്വായത്തമാക്കിയ അറിവും തന്റെ പരീക്ഷണങ്ങളും ചേര്‍ത്താണ് കാസിം പരീക്ഷണം നടത്തിയത്. ഉയര്‍ന്ന ചൂടില്‍ പ്ലാസ്റ്റിക്ക് ഉരുക്കിയാണ് ഇന്ധനം വേര്‍തിരിക്കുന്നത്. ഇങ്ങനെ വേര്‍തിരിക്കുന്ന ഇന്ധനം ശുദ്ധീകരിച്ച് പെട്രോള്‍, ഡീസര്‍, ബെന്‍സീന്‍, ഗാസലിന്‍ എന്നിവ വേര്‍തിരിച്ചെടുക്കാം. നിത്യവും 800 മുതല്‍ 100 കിലോ വരെ പ്ലാസ്റ്റിക്കാണ് ഇവിടെ ഇന്ധനമാക്കി മാറ്റുന്നത്.
ഏറെ അപകടം നിറഞ്ഞ ഈ തൊഴിലില്‍ അബു കാസിമിന്റെ മകന്‍ അബു ഫഹദിനെ കൂടാതെ അദ്ദേഹത്തിന്റെ കുടുംബവും സഹായികളായി എത്തുന്നുണ്ട്. ഇങ്ങനെ ശുദ്ധീകരിച്ചെടുക്കുന്ന ഇന്ധനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും അബു കാസിം പറയുന്നു. കാറുകളിലും ബൈക്കുകളിലും ഇവ ഉപയോഗിക്കുന്നവരുമുണ്ട്.