പോലീസ്‌സ്റ്റേഷൻ പെയിന്റടി വിവാദം ; ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ഉത്തരവിന്റെ കോപ്പി പുറത്തുവന്നു

0
49

കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഡ്യൂലക്‌സ് കമ്പനിയുടെ പെയിന്റടിക്കാന്‍ താന്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെന്ന് മുന്‍ ഡിജിപിയും ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റ പ്രസ്താവനയിറക്കിയതിനു പിന്നാലെ, അദ്ദേഹം ഒപ്പിട്ട ഉത്തരവിന്റെ കോപ്പി പുറത്തുവന്നു.

പൊലീസിലെ ചേരിപ്പോരിന്റെ ഭാഗമായാണ് ഉത്തരവിന്റെ കോപ്പി പുറത്തുവന്നതെന്നാണ് സൂചന. ടിപി സെന്‍ കുമാര്‍ ചുമതലയേല്‍ക്കുന്നതിനു മുന്‍പ്, ഏപ്രില്‍ 28നാണ് ബെഹ്‌റ ഈ ഉത്തരവിറക്കിയത്. സെന്‍ കുമാര്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. അന്വേഷണത്തിനും സെന്‍ കുമാര്‍ ഉത്തരവിട്ടതായി വാര്‍ത്ത വന്നിരുന്നുവെങ്കിലും സെന്‍ കുമാര്‍ തന്നെ ഇതു നിഷേധിച്ചിട്ടുണ്ട്.

പക്ഷേ, തന്റെ ദിവസങ്ങളുടെ കാലാവധിക്കുള്ളില്‍ തന്നെ ചിലതു ചെയ്തിട്ടേ പോകൂ എന്ന സെന്‍ കുമാറിന്റെ വാശി തന്നെയാണ് ഇത്തരം സംഭവങ്ങള്‍ കണ്ടെത്തുന്നതിലേക്കു നയിച്ചിരിക്കുന്നത്.

പൊലീസ് സ്റ്റേഷനുകള്‍ക്കും സി.ഐ, ഡിവൈ എസ്പി ഓഫീസുകളിലും പുറത്ത് ഡ്യൂലക്‌സ് കമ്പനിയുടെ 56 ബിജി 8181യ023 എന്ന പെയിന്റ് തന്നെ അടിക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമായി പറയുന്നത്. ഡ്യൂലക്‌സ് 20 വൈവൈ 12യ 163 പെയിന്റ് ആയിരിക്കണം സ്‌റ്റേഷന്റെ അകത്ത് അടിക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഡ്യൂലക്‌സ് പെയിന്റ് അടിച്ചാല്‍ കോടിക്കണക്കിനു രൂപയുടെ പെയിന്റ് വേണ്ടിവരും. ഇതൊരു വലിയ ഇടപാടുമായിരിക്കും. ഇതു തന്നെയാണ് ഈ ഉത്തരവിന്റെ പിന്നിലെ ലക്ഷ്യത്തെക്കുറിച്ചു സംശയമുണ്ടാക്കുന്നതും.

എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലും മറ്റും നിറം മാറ്റം നടപ്പാക്കിത്തുടങ്ങി. പട്രോളിംഗിനു വേണ്ടത്ര ഡീസല്‍ നല്കാന്‍ പോലും കഴിയാതെ പൊലീസ് നട്ടംതിരിയുന്നതിനിടെയാണ് സ്റ്റേഷനുകളുടെ നിറം മാറ്റാന്‍ കോടികള്‍ ചെലവിടുന്നത്. മിക്ക സ്‌റ്റേഷനുകളിലും സ്ഥലത്തെ വ്യാപാരികളില്‍ നിന്നും മറ്റും സഹായം വാങ്ങി ആ പണം കൊണ്ടാണ് പൊലീസ് ജീപ്പുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്നത്. ഈ ഇന്ധനത്തില്‍ അധികവും മന്ത്രിമാര്‍ക്ക് എസ്‌കോര്‍ട്ട് പോയി തന്നെ കത്തിച്ചു തീര്‍ക്കുകയാണ് പതിവ്. സ്റ്റേഷന്‍ പരിധിയില്‍ പലപ്പോഴും പേരിനു മാത്രമാണ് പൊലീസ് പട്രോളിംഗ് നടത്തുന്നത്.

എന്നാല്‍, പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ നിറമാക്കാന്‍ തീരുമാനിച്ചത് സെന്‍കുമാറിന്റെ കാലത്താണെന്നും പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം താന്‍ നടപ്പാക്കുക താന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കൈമാറുക മാത്രമാണ് ചെയ്തതെന്നും ബഹ്‌റ വിശദീകരിക്കുന്നു.

നിറം തിരിച്ചറിയുന്നതിന് വേണ്ടിയാണ് പെയിന്റ് കമ്പനിയുടെ പേര് സഹിതം ഉത്തരവിറക്കിയതെന്നും അദ്ദേഹം പറയുന്നു. ഒരേ കമ്പനിയുടെ പെയിന്റ് ഉപയോഗിക്കണമെന്ന് ഉത്തരവിലില്ലെന്നും ബെഹ്‌റ പറഞ്ഞു. പക്ഷേ, അദ്ദേഹം ഒപ്പിട്ട ഉത്തരവ് പുറത്തുവന്നപ്പോള്‍ അതില്‍ ഡ്യൂലക്‌സ് പെയിന്റ് തന്നെ ഉപയോഗിക്കണമെന്നു വ്യക്തമായി പറയുന്നുമുണ്ട്.

C