മോദി തിരഞ്ഞെടുപ്പിനെ നേരിട്ടത് വെറുപ്പ് കൊണ്ട് – രാഹുല്‍ ഗാന്ധി

modhi bjp

നരേന്ദ്രമോദി തിരഞ്ഞെടുപ്പിനെ നേരിട്ടത് വെറുപ്പ് കൊണ്ട്
തന്റെയും കോണ്‍ഗ്രസിന്റെയും വഴി സ്നേഹമായിരുന്നെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതിനാല്‍ സ്നേഹത്തിനായിരിക്കും അന്തിമ വിജയമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനം തന്നെയാണ് ‘ബോസ്”. ജനം എന്തു വിധിച്ചാലും അത് അംഗീകരിക്കും.

കടുത്ത മത്സരമാണ് ഉണ്ടായത്. ഈ തിര‍ഞ്ഞെടുപ്പില്‍ നാലു വിഷയങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. തൊഴിലില്ലായ്മ, കര്‍ഷകരുടെ ദുരവസ്ഥ, നോട്ട് നിരോധനം, ജി.എസ്.ടി. ഇവ കൂടാതെ അഴിമതിയും റാഫേല്‍ ഇടപാടും പ്രധാന വിഷയങ്ങളാണെന്നും രാഹുല്‍ പറഞ്ഞു.
തുഗ്ലക്ക് ലെയ്നിലെ വസതിയില്‍ നിന്ന് സുരക്ഷാ വാഹനങ്ങളൊഴിവാക്കി, കാല്‍ നടയായാണ് തൊട്ടടുത്ത ഔറംഗസേബ് ലെയ്നിലെ എന്‍.പി സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പോളിംഗ് ബൂത്തില്‍ രാഹുല്‍ എത്തിയത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര‌യും ലോധി എസ്റ്റേറ്റിലെ സര്‍ദാര്‍പട്ടേല്‍ വിദ്യാലയത്തില്‍ വോട്ട് ചെയ്തു. ബി.ജെ.പി പുറത്തേക്കുള്ള വഴിയിലാണെന്ന് വോട്ടുചെയ്ത് മടങ്ങവെ പ്രിയങ്കാ പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതാ കോവിന്ദും രാഷ്ട്രപതി ഭവനിലെ പോളിംഗ് ബൂത്ത് 10ല്‍ വോട്ട് രേഖപ്പെടുത്തി. യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി നിര്‍മ്മാണ്‍ ഭവനിലും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സിവില്‍ ലെയ്നിലും, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലും, കോണ്‍ഗ്രസ് വടക്ക് കിഴക്കന്‍ ഡല്‍ഹി സ്ഥാനാര്‍ത്ഥി ഷീല ദീക്ഷിത് നിസാമുദ്ദീന്‍ ഈസ്റ്റിലും, ബി.ജെ.പിയുടെ കിഴക്കന്‍ ഡല്‍ഹി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ ഓള്‍ഡ് രജീന്ദര്‍ നഗറിലും വോട്ട് രേഖപ്പെടുത്തി.