വന്‍ കടത്തെ തുടര്‍ന്ന ഇന്ത്യയില്‍ നിയമനടപടി നേരിടുന്ന ബിസിനസ് മാഗ്നറ്റും വായ്പാതട്ടിപ്പ് കേസ് പ്രതിയുമായ വിജയ് മല്യയ്ക്ക് ഇന്നലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ കൂക്കുവിളി. ചാമ്പ്യന്‍സ്‌ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കി സെമിയില്‍ കടന്ന മത്സരം കാണാന്‍ ഇന്നലെ മല്യയും എത്തിയിരുന്നു. ഇതിനിടയിലാണ് ഇന്ത്യന്‍ കാണികളുടെ ഒരു ഭാഗം ‘കള്ളന്‍’ ‘കള്ളന്‍’ എന്നാര്‍ത്ത് വിളിച്ചത്.
കളി നടന്ന ഓവല്‍ സ്‌റ്റേഡിയത്തിലേക്ക് മല്യ ഒരു യുവതിയുമായി കയറി വരുമ്പോഴാണ് സംഭവം. മല്യയും യുവതിയും നടന്നുപോകുമ്പോള്‍ ‘കള്ളന്‍ പോകുന്നേ’ എന്ന് ഒരാള്‍ വിളിച്ചു പറയുന്നതും ഇതിന് ആള്‍ക്കാര്‍ ചിരിക്കുന്നതും ഉച്ചത്തില്‍ കേള്‍ക്കുന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ മത്സരം നടന്ന ബിര്‍മിംഗാമിലെ എഡ്ജ്ബാസ്റ്റണില്‍ കളികാണാന്‍ മല്യ എത്തിയിരുന്നു. അന്ന് വിഐപി സെക്ഷനിലാണ് മല്യ ഇരുന്നത്. അതുയര്‍ത്തിയ വിവാദത്തിന് പിന്നാലെയാണ് ഇന്നലെ കളികാണാനെത്തിയ മല്യയ്ക്ക് നേരെ കള്ളന്‍ വിളി വന്നത്.
വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യയിലെ നിയമനടപടികളില്‍ നിന്നും മുങ്ങി നടക്കുന്ന മല്യ ഇംഗ്‌ളണ്ടില്‍ ഏറെ സ്വാതന്ത്ര്യത്തോടെ വിരാജിക്കുകയാണ്. ഇംഗ്‌ളണ്ടില്‍ കളിക്കാനെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം അടുത്തിടെ മല്യയെ കണ്ടെത്തിയത് വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു. കഴിഞ്ഞയാഴ്ച വിരാട് കോഹ്‌ലി ഫൗണ്ടേഷന്‍ നടത്തിയ വിരുന്നില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് ഒപ്പം മല്യയും പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ടീം ഇന്ത്യ ഏറെ പഴി കേട്ടിരുന്നു. പക്ഷേ വിരുന്നില്‍ മല്യയുടെ സാന്നിദ്ധ്യം കാരണം കളിക്കാര്‍ വേഗം മടങ്ങുകയും ചെയ്തു.
അതിനിടയില്‍ മല്യയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തുടങ്ങിക്കഴിഞ്ഞുമിരിക്കുകയാണ്. 2012 ല്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ടാണ് മല്യ വായ്പാ വിവാദത്തില്‍ കുടുങ്ങിയത്. എസ്ബിഐ, പിഎന്‍ബി, ഐഡിബിഐ ബാങ്ക്, ബിഒബി, അലഹബാദ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, അക്‌സിസ് ബാങ്ക് എന്നിങ്ങനെ വിവിധ ബാങ്കുകളില്‍ 9000 കോടി രൂപയാണ് കടം. കഴിഞ്ഞ മാര്‍ച്ച് മൂന്ന് യു കെയിലേക്ക് മല്യ മുങ്ങിയിരുന്നു. ഇപ്പോള്‍ അവിടെ കഴിയുകയാണ്.