കെവിന്‍ ജോസഫ് മരിച്ചത് വെള്ളത്തില്‍ മുങ്ങി മരിച്ചത് തന്നെ-മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

kevin

മാന്നാനം സ്വദേശി കെവിന്‍ ജോസഫ് മരിച്ചത് വെള്ളത്തില്‍ മുങ്ങി മരിച്ചത് തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറി. അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുന്‍പ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ തെന്മലയില്‍ ഒന്നുകൂടി പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.  ശരീരത്തിലെ മുറിവുകളും ക്ഷതങ്ങളും എങ്ങനെയുണ്ടായെന്ന് കണ്ടെത്താന്‍ സ്​ഥല പരിശോധന നടത്തണമെന്ന്​ ശിപാര്‍ശ ചെയ്യുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്ന ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്​ അന്വേഷണ സംഘത്തിന്​ കൈമാറും. കെവി​ന്റെ മരണം സംബന്ധിച്ച പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്‌ ശരി വെക്കുന്നതാണ് മെഡിക്കല്‍ ബോര്‍ഡി​ന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ശരീരത്തിലെ പരിക്കുകള്‍ പരിശോധിക്കാന്‍ സ്​ഥല സന്ദര്‍ശനം നടത്തണമെന്ന ശിപാര്‍ശയില്‍ അന്വേഷണ സംഘമാകും തീരുമാനമെടുക്കുക. അതിനനുസരിച്ച്‌ ഫോറന്‍സിക് സംഘം സംഭവ സ്ഥലം പരിശോധിക്കും. കെവി​ന്റെ ശരീരത്തില്‍ കണ്ട പതിനാറോളം മുറിവുകള്‍ പുഴയിലേക്ക് വീണതിന്റെ ഭാഗമായി സംഭവിച്ചതാണോയെന്നാകും ആദ്യം ​പരിശോധിക്കുക. കെവിനുമായി പ്രതികള്‍ ചാലിയേക്കരയില്‍ എത്തിയതു വരെയുള്ള കാര്യത്തില്‍​ പൊലീസിന് വ്യക്​തതയുണ്ട്​. കെവിന്‍ വാഹനത്തില്‍നിന്ന്​ രക്ഷപ്പെട്ടെന്നാണ് ​ പൊലീസ് പിടിയിലായവര്‍​ നല്‍കിയിരിക്കുന്ന മൊഴി. കെവിനെ പിന്തുടര്‍ന്ന പ്രതികള്‍ അയാളെ പുഴയിലേക്ക് തള്ളിയിട്ടതാണോ മുക്കിക്കൊന്നതാണോ എന്ന കാര്യത്തിലാണ്​ വ്യക്​തത വരേണ്ടത്​. ഇത് സംബന്ധിച്ച തെളിവുകള്‍ക്കായാണ് ഇപ്പോള്‍ അന്വേഷണ സംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത് .  പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും ആക്രമിച്ച് മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത കെവിന്‍ കേസ് കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുകയും വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.