വായു ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചോടെ ഗുജറാത്ത് തീരത്തെത്തും

vayu

വായു ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. നാളെ പുലര്‍ച്ചോടെ ഗുജറാത്ത് തീരത്തെത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കി. കര നാവിക തീര സംരക്ഷണ സേനകളെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാക്കി.

തീരമേഖലയില്‍ നിന്ന് ഒന്നരലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയും കടല്‍ക്ഷോഭവും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പും നല്‍കി. തീരമേഖലയിലൂടെയുള്ള ട്രെയിനുകളും റദ്ദാക്കി.

വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന വായു നാളെ രാവിലെയോടെ തീവ്രചുഴലിയായി ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. നാളെ പുലര്‍ച്ചയോടെ ഗുജറാത്തിലെ പോര്‍ബന്തര്‍, മഹുവ എന്നിവിടങ്ങള്‍ക്കിടയിലായിരിക്കും ചുഴലിക്കാറ്റ് തീരം തൊടുക.

മണിക്കൂറില്‍ 170 കിലോമീറ്റര്‍വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. സുരക്ഷാ ക്രമീകരണങ്ങള്‍ ഗുജറാത്ത് സര്‍ക്കര്‍ ശക്തമാക്കി. തീരമേഖലകളില്‍ നിന്ന് 3 ലക്ഷം ആള്‍ക്കാരെ ഒഴിപ്പിക്കും. വൈകിട്ടുവരെയുള്ള കണക്കനുസരിച്ച്‌ ഒന്നരലക്ഷത്തോളം ആള്‍ക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ശക്തമായ മഴയ്ക്കും തീരമേഖലകളില്‍ രൂക്ഷമായ കടല്‍ക്ഷോഭവും ഉണ്ടാകുമെന്ന് കാലാസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഗുജറാത്തില്‍ പല സ്ഥലങ്ങളിലും ഇതിനോടകം ശക്തമായ കാറ്റ് വീശുന്നുണ്ട്.

കര നാവിക തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്ത് വിന്യസിച്ചിട്ടുണ്ട്.വ്യോമസേനയുടെ ഹെലികോപ്പ്റ്ററുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കി. അടിയന്തര സാഹചര്യം നേരിടാന്‍ വൈദ്യസംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.

ഗുജറാത്ത് തീരമേഖലവഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി. 15 ട്രെയിന്‍ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. വിമാനത്താവളങ്ങള്‍ നാളെ അടച്ചിടും. കേന്ദ്രം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മഹാരാഷ്ട്രയിലും ഗോവയിലും ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.