പ്രേതബാധ ഭയന്ന് നാട്ടുകാര്‍; റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ നടത്തുന്ന പ്രചാരണമെന്നു ചിലർ

ghost

ബുറാഡിയിലെ കൂട്ട ആത്മഹത്യയ്ക്കു ശേഷം പ്രേതബാധ ഭയന്ന് നാട്ടുകാര്‍. ജീവനൊടുക്കിയ 11 പേരുടെയും ആത്മാക്കള്‍ നാട്ടില്‍ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് ഇവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നത്. മരിച്ച 11 പേരുടെയും ആത്മാക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്ന പ്രചരണമാണ് നാട്ടുകാരെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നതെന്നാണ് സൂചന. പ്രദേശത്തെ വീടുകളും അപ്പാര്‍ട്ടുമെന്റുകളും വാങ്ങാനെത്തുന്നവരുടെ എണ്ണവും കുത്തനെ കുറഞ്ഞതായി വാര്‍ത്തകളുണ്ട്. പ്രദേശത്തേക്ക് ടാക്‌സി വിളിച്ചാല്‍ പോലും വരാന്‍ ഡ്രൈവര്‍മാര്‍ മടിക്കുകയാണത്രേ. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭാട്ടിയ ഹൗസിനും സമീപ പ്രദേശങ്ങളിലുമുള്ള സ്ഥലങ്ങള്‍ക്ക് 50 മുതല്‍ 70 ശതമാനം വരെയാണ് വില കുതിച്ചുയര്‍ന്നത്. ചതുശ്ര അടിക്ക് 60000 രൂപയെന്ന നിലയില്‍ വരെ ഉയര്‍ന്ന അവസ്ഥയുണ്ടായിരുന്നു. വളരെപ്പെട്ടന്ന് ആളുകള്‍ക്ക് ഇവിടെ സ്ഥലം ലഭിക്കുക അസാധ്യമായിരുന്നു. എന്നാല്‍ ആത്മഹത്യ നടന്നതിന് പിന്നാലെ ഇവിടേക്ക് ആളുകള്‍ വരാതായി. വില കുറച്ചിട്ടും ആരും വാങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ പറയുന്നു. അതേസമയം സ്ഥലവില കുറയ്‌ക്കാന്‍ മറ്റ് ബ്രോക്കര്‍മാര്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജൂണ്‍ 30ന് ആണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണമായശേഷം മന:ശാസ്ത്ര വിശകലനം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കാനാണ് പൊലീസ് നീക്കം.