യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വൈദികനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

father peednam

കുമ്പസാര രഹസ്യം ചോര്‍ത്തുെമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കീഴിടങ്ങി. ഇയാളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവല്ല മജിസ്‌ട്രേട്ടിന്റേതാണ് നടപടി. മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച വൈദികനെ നാട്ടുകാര്‍ കൂകിവിളിച്ചു. കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് രാവിലെ വൈദികന്‍ കീഴടങ്ങിയത്. ലൈംഗിക പീഡനക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.കേസിലെ പ്രതികളായ ഫാ. സോണി വര്‍ഗീസ്, ഫാ. ജെയിസ് കെ ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ ഉടന്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചത്. ഇവരെ കണ്ടെത്താനുള്ള അന്വേഷണവും പോലീസിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. കുമ്പസാര രഹസ്യം വെച്ച്‌ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് ജോബ് മാത്യുവിനെതിരെയുള്ള ആരോപണം. തന്റെ പതിനാറാം വയസ്സില്‍ മറ്റൊരു വൈദികന്‍ പീഡിപ്പിച്ചു എന്ന് യുവതി കുമ്പസാര രഹസ്യമായി ജോബ് മാത്യുവിനോട് വെളിപ്പെടുത്തിയിരുന്നു. ഈ രഹസ്യം പുറത്തുപറയുമെന്ന ഭീഷണിപ്പെടുത്തിയാണ് ജോബ് മാത്യു യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. ചിത്രം മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.