Friday, March 29, 2024
Homeപ്രാദേശികംമുണ്ടക്കയത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിലുള്ളത് ജെസ്‌ന തന്നെ

മുണ്ടക്കയത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിലുള്ളത് ജെസ്‌ന തന്നെ

സിസിടിവിയിലെ ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നതോടെ മുണ്ടക്കയം ടൗണില്‍ കണ്ടത് ജെസ്‌ന തന്നെയെന്ന് തെളിഞ്ഞു. മുണ്ടക്കയത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിലുള്ളത് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന തന്നെയാണെന്നാണ് നിഗമനം.. കാണാതായ മാര്‍ച്ച് 22 ന് മുണ്ടക്കയത്തുള്ള ഒരു കടയുടെ മുന്നിലൂടെ പോകുന്ന ജസ്നയെന്ന് സംശയിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് പോലീസ് ലഭിച്ചത്. നഷ്ടപ്പെട്ടെന്ന് കരുതിയ ദൃശ്യങ്ങള്‍ ഹൈടെക് സെല്ലിന്‍റെ സഹായത്തോടെയായിരുന്നു പോലീസ് വീണ്ടെടുത്തത്. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്നത് മകളല്ലെന്ന് ജസ്നയുടെ പിതാവ് ജെയിംസ് വ്യക്തമാക്കിയതോടെ ആശയക്കുഴപ്പത്തിലാവുകയായിരുന്നു പോലീസ്. ജസ്നയുടെ അപരയെന്ന് പറയപ്പെടുന്ന അലിഷ എന്ന പെണ്‍കുട്ടിയാവാം ദൃശ്യങ്ങളില്‍ ഉള്ളതെന്ന ആരോപണം ഉയര്‍ന്നെങ്കിലും അലിഷയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെ നിര്‍ണായക വഴിത്തിരിവാണ് ജസ്ന കേസില്‍ ഉണ്ടായിരിക്കുന്നത്.കാണാതായ ദിവസം രാവിലെ 11.44 ന് മുണ്ടക്കയത്തെ കടയുടെ മുന്‍പിലൂടെ ജീന്‍സും ടോപ്പും ധരിച്ച് തല തുണി കൊണ്ട് മൂടി രണ്ട് ബാഗുകളുമായി ജസ്നയെ പോലെ രൂപസാദൃശ്യമുള്ള കുട്ടി നടന്ന് നീങ്ങുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. അതേസമയം ജസ്നയുമായി രൂപ സാദൃശ്യമുള്ള അലിഷയാകാം അത് എന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അലിഷയേയും പോലീസ് ചോദ്യം ചെയ്തു.അതേസമയം മകള്‍ക്ക് അത്തരമൊരു വസ്ത്രം ഇല്ലെന്നും മകളല്ല അത് ജസ്ന തന്നെ ആകാമെന്നും അലിഷയുടെ മാതാവ് റംലത്ത് പോലീസിനോട് വ്യക്തമാക്കി.ജസ്നയുടെ സുഹൃത്തുക്കളും സഹപാഠികളും അത് ജസ്ന തന്നെയെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്.ജസ്ന കടന്ന് പോയി 6 മിനിറ്റിനുള്ളില്‍ തന്നെ ജസ്നയുടെ ആണ്‍ സുഹൃത്തും കടയ്ക്ക് മുന്നിലൂടെ നടന്ന് പോകുന്നത് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു.ഇതോടെയാണ് ജസ്നയുടെ ആണ്‍സുഹൃത്തും തന്നെയാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് സഹപാഠികള്‍ പോലീസിനോട് പറഞ്ഞത്.കരിമണ്ണയിലെ ബാങ്കിലെ നിരീക്ഷണ കാമറയിലും ജസ്നയുടെ രൂപസാദൃശ്യമുള്ള കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജസ്നയെ പോലൊരു കുട്ടി ബാങ്കിന് മുന്‍പിലൂടെ പോകുന്ന ബസ്സില്‍ ഇരിക്കുന്നതായുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.എന്നാല്‍ മകള്‍ ദൃശ്യങ്ങളില്‍ കാണുന്ന രീതിയിലുള്ള വസ്ത്രത്തില്‍ പുറത്ത് പോകാറില്ലെന്നും അതുകൊണ്ട് തന്നെ അത് ജസ്നയല്ലെന്നും പിതാവ് ജെയിംസ് പോലീസിനോട് പറഞ്ഞു. ഇതോടെ ദൃശ്യങ്ങളില്‍ കണ്ടത് ജസ്ന തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ പോലീസ് വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ ഫോട്ടോയും ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന് ശേഷമാണ് അത് ജസ്ന തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചത്.ജസ്ന തിരോധാനകേസില്‍ പോലീസിന്‍റെ കൈയ്യില്‍ ആകെ ഉള്ള തെളിവ് ഈ ദൃശ്യങ്ങളാണ്. ജസ്നയാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് ഉറപ്പിച്ച പോലീസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ കാണുന്ന കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു പോലീസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അതേസമയം താന്‍ ആണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് വ്യക്തമാക്കി ആരും വരാതിരുന്നതും പോലീസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.ഇതിനിടെ ജസ്ന തിരോധാനകേസ് അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ജസ്ന ബെംഗളൂരുവിലേക്ക് പോയെന്ന് നിഗമനത്തിലാണ് പോലീസ് ബെംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതെന്ന് വാര്‍ത്ത.ദൃശ്യങ്ങളില്‍ ജസ്നയ്ക്കൊപ്പമുള്ള ആണ്‍സുഹൃത്തും ജസ്നയ്ക്കൊപ്പം ബെംഗളൂരുവിലേക്ക് പോയോ എന്ന കാര്യത്തില്‍ പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല. നേരത്തേ ജസ്നയേയും സുഹൃത്തിനേയും ബെംഗളൂരുവില്‍ കണ്ടതായി വാര്‍ത്ത ഉണ്ടായിരുന്നു.ബെംഗളൂരു മഡിവാള ആശ്വാസ് ഭവനിലെ ജീവനക്കാരനായ ജോർജാണ് ജെസ്നയെ അവിടെവച്ച് കണ്ടതായി വെളിപ്പെടുത്തൽ നടത്തിയത്. ഒരു യുവാവിനൊപ്പം ജെസ്ന ആശ്വാസ് ഭവനിൽ എത്തിയെന്നും, പിന്നീട് മൈസൂരുവിലേക്ക് പോവുകയാണെന്ന് പറഞ്ഞ് അവിടെനിന്ന് യാത്രതിരിച്ചെന്നുമാണ് ജോർജ് പറഞ്ഞിരുന്നത്. ഒരു യുവാവിനൊപ്പം ബൈക്കിലാണ് ജെസ്ന ആശ്വാസ് ഭവനിൽ വന്നതെന്നും, യാത്രയ്ക്കിടെ അപകടമുണ്ടായി ഇയാൾക്ക് പരിക്കേറ്റിരുന്നുവെന്നും ആശ്വാസ് ഭവനിലെ ജീവനക്കാരൻ പറഞ്ഞിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവും ജെസ്നയും ബെംഗളൂരു നിംഹാൻസിൽ ചികിത്സ തേടിയതായും ഇയാൾ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ ആശ്വാസ് ഭവനിലും നിംഹാന്‍സിലും പോലീസ് പരിശോധന നടത്തിയെങ്കിലും ഒരു തെളിവുകളും കിട്ടാതെ മടങ്ങേണ്ടി വന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ വീണ്ടും ബെംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ് സംഘം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments