സത്യസന്ധനായ കള്ളൻ മോഷ്ടിച്ച സ്വർണ്ണം തിരികെ വെച്ചു

gold

ആലപ്പുഴയിലാണ് ഇത്തരത്തില്‍ രസകരമായ സംഭവം ഉണ്ടായത്. തകഴി പഞ്ചായത്തിലുള്ള മതികുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച്ച രാത്രി മതികുമാറും കുടുംബവും ബന്ധുവിന്റെ വീട്ടില്‍ കല്യാണത്തിന് പോയിരുന്നു. ഈ വിവരം മനസിലാക്കിയ കള്ളന്‍ രാത്രി വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണവുമായി കടന്നുകളയുകയായിരുന്നു. ഒന്നര പവന്റെ സ്വര്‍ണ്ണമാണ് കളവ് പോയത്. മോഷണ വിവരം മനസിലാക്കിയ മതികുമാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരവെയാണ് വ്യാഴാഴ്ച വീടിന്റെ ഗേറ്റിനുമുന്നില്‍ ഒരു കത്തെഴുതി അതിനോടൊപ്പം സ്വര്‍ണ്ണവും തിരികെ വെച്ചത്. ‘ക്ഷമിക്കുക ഗതികേടുകൊണ്ട് സംഭവിച്ചതാണ് ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ല’ എന്നാണ് കത്തില്‍ എഴുതിയിരുന്നത്. എന്തായാലും നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ഉടമ.