Saturday, April 20, 2024
HomeKeralaപാലാരിവട്ടം പാലം മുഴുവന്‍ പൊളിച്ച്‌ പണിയേണ്ട : ഇ ശ്രീധരന്‍

പാലാരിവട്ടം പാലം മുഴുവന്‍ പൊളിച്ച്‌ പണിയേണ്ട : ഇ ശ്രീധരന്‍

പാലാരിവട്ടം മുഴുവന്‍ പൊളിച്ച്‌ പണിയേണ്ടതില്ലെന്ന് ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍.

പാലത്തിന്റെ മൂന്നിലൊന്ന് ഭാഗം മാത്രം പൊളിച്ചു പണിതാല്‍ മതിയെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മേല്‍പ്പാലം ഇ ശ്രീധരന്റെ നേതൃത്വത്തിലുളള വിദഗ്ധ സംഘം പരിശോധിച്ചിരുന്നു.

അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്റെ ഉപദേശം തേടിയത്. മുഖ്യമന്ത്രി ഇ.ശ്രീധരനെ നേരിട്ട് വിളിച്ചാണ് പാലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

തൂണുകള്‍ക്കും തറയ്ക്കും കാര്യമായ ബലക്ഷയമില്ലെങ്കിലും സ്പാനുകളില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരുമെന്നും ശ്രീധരന്‍ പറഞ്ഞു.

പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച്‌ വിശദമായ പരിശോധനകള്‍ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു ശേഷമാണ് പാലത്തിന്‍റെ മൂന്നിലൊന്നു ഭാഗം പൊളിച്ചു പണിയേണ്ടി വരുമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയത്. തറയ്ക്കും തൂണുകള്‍ക്കും ബലപ്പെടുത്തല്‍ മാത്രം മതിയവും. എന്നാല്‍ തകര്‍ന്ന സ്പാനുകള്‍ പൂര്‍ണമായി നീക്കേണ്ടി വരും എന്നും ശ്രീധരന്‍ പറഞ്ഞു.


പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇ ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാലത്തിന് കാര്യമായ ബലക്ഷയം ഉണ്ടെന്നും അറ്റകുറ്റപ്പണിക്കായി 18.5 കോടി രൂപ വേണ്ടിവരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇ ശ്രീധരന്‍ പ്രധാനമായും ശുപാര്‍ശ ചെയ്തത്. ഇതിന് പിന്നാലെയാണ് പാലത്തിന്‍റെ നിലവിലെ സ്ഥിതി സംബന്ധിച്ച്‌ ഇ ശ്രീധരന്‍റെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്.

പാലത്തിലെ അറ്റകുറ്റപ്പണികള്‍ക്ക് ഏതാണ്ട് ഒരു വര്‍ഷത്തോളം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയത്. മൂന്നിലൊന്നു ഭാഗം പൊളിച്ചു പണിതാല്‍ മതിയെന്ന് റിപ്പോര്‍ട്ട് വന്നതോടെ കാലതാമസം ഏതാനും മാസങ്ങള്‍ കൂടി കുറയ്ക്കാനായേക്കും.


പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇന്ന് വീണ്ടും വിജിലന്‍സ് പരിശോധന നടത്തി. തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യല്‍ നടക്കും.

തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസര്‍മാരുടെ സഹകരണത്തോടെയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു തെളിവെടുപ്പ്.

പില്ലറുകളിലെ വിള്ളല്‍, പ്രൊഫൈല്‍ കറക്ഷനിലെ വീഴ്ച, നിര്‍മാണ സാമഗ്രികളുടെ ഉപയോഗം എന്നിവ സംബന്ധിച്ചാണ് പരിശോധന നടന്നത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. തെളിവെടുപ്പ് പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യല്‍ നടക്കും. കിറ്റ്‌കോ, ആര്‍ബിഡിസികെ ഉദ്യോഗസ്ഥര്‍, കരാറുകാരന്‍, ഡിസൈനര്‍ തുടങ്ങി 17 പേര്‍ വിജിലന്‍സിന്റെ ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments