ജലോത്സവങ്ങളുടെ പെരുങ്കളിയാട്ടമായ നെഹ്റു ട്രോഫി ജലോൽസവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേൽ ചുണ്ടൻ ജേതാവായി. യു.ബി.സി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽതെക്കേതിലിനെ ഫോട്ടോ ഫിനിഷിൽ രണ്ടാമതാക്കിയായിരുന്നു ഗബ്രിയേൽ ചുണ്ടൻ ജേതാക്കളായത്. കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തി. അതേസമയം നിലവിലെ ചാമ്പ്യൻമാരായ കാരിച്ചാൽ ചുണ്ടൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫൗൾ സ്റ്റാർട്ടു മൂലം മൂന്നാം ഹീറ്റ്സിലെ മൽസരം നാലു തവണ മുടങ്ങിയത് തർക്കങ്ങൾക്ക് വഴിവച്ചു. ഇതോടെ ഫൈനൽ മൽസരം ഏറെ വൈകിയാണ് ആംരഭിച്ചത്.
ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്. ആയാപറമ്പ് പാണ്ടി, സെന്റ് ജോർജ്, ചമ്പക്കുളം പുത്തൻ ചുണ്ടൻ, വെള്ളം കുളങ്ങര, ആനാരി പുത്തൻ ചു ണ്ടൻ, ശ്രീ ഗണേശൻ, കരുവാറ്റ, കരുവാറ്റ ശ്രീ വിനായകൻ, ദേവസ്, മഹാദേവികാട് ചുണ്ടൻ, നടുഭാഗം, ഗബ്രിേയൽ, കാട്ടിൽത്തെക്കതിൽ, ചെറുതന, ശ്രീ മഹാദേവൻ , കാരിച്ചാൽ, പായിപ്പാടൻ, പുളിങ്കുന്ന്, സെന്റ് പയസ് ടെൻത് എന്നീ ചുണ്ടൻ വളളങ്ങളാണ് മത്സരിച്ചത്. ആലപ്പാട്, വടക്കേ ആറ്റുപുറം, സെന്റ് ജോസഫ്, ശ്രീകാർത്തികേയൻ എന്നീ ചുണ്ടൻ വളളങ്ങൾ പ്രദർശന മത്സരത്തിൽ പങ്കെടുത്തു.