Wednesday, September 11, 2024
HomeKeralaആംബുലൻസ് വിളിക്കാൻ ഇനി മൊബൈൽ ആപ്പ്

ആംബുലൻസ് വിളിക്കാൻ ഇനി മൊബൈൽ ആപ്പ്

ആംബുലൻസ് വിളിക്കാൻ ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് സൃഷ്ടിക്കും. ഇത് യാഥാർത്ഥ്യമാകുന്നതോടെ ഓൺലൈൻ വഴി ആംബുലൻ സേവനം നേടാൻ കഴിയും. ഇതു സംബന്ധിച്ച മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. 108 ആംബുലൻസ് സേവനം മെച്ചപ്പെടുത്താനായി മെഡിക്കൽ സർവീസ് കോർപ്പറേഷൻ സമർപ്പിച്ച മൂന്നു പദ്ധതി നിർദേശങ്ങളിലൊന്നാണിത്.

ഊബർ ആപ്പിലൂടെ ടാക്സി വിളിക്കുന്നതു പോലെ ആംബുലൻസും വിളിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ 108 മാതൃക തുടരുക, സ്വകാര്യ സംരംഭകരുടെ പിന്തുണയോടെ കൂടുതൽ ആംബുലൻസുകൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും കോർപ്പറേഷൻ കൈമാറിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള കോൾ സെന്റർ കേന്ദ്രമാക്കിയാകും ഓൺലൈൻ ആംബുലൻസിന്റെ പ്രവർത്തനം. ആൻഡ്രോയിഡ് ഫോണിലെ ആപ്ലിക്കേഷൻവഴി ഒരാൾ കോൾ സെന്ററുമായി ബന്ധപ്പെട്ടാൽ അയാൾ എവിടെയാണോ നിൽക്കുന്നത് അവിടേയ്ക്ക് പരിസരത്തുള്ള ആംബുലൻസ് എത്തും.

ഡ്രൈവറുടെ മൊബൈൽ നമ്പർ, വാഹന നമ്പർ എന്നിവയും മൊബൈലിൽ ലഭ്യമാകും. അപകടത്തിൽപെട്ടയാൾക്ക് ഫോൺ ചെയ്യാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ ബന്ധുക്കൾക്കോ തൊട്ടടുത്തുള്ളവർക്കോ മൊബൈൽ ആപ് വഴി കോൾ സെന്ററുമായി ബന്ധപ്പെടാം. ഇതോടൊപ്പം 108 എന്ന നമ്പരിലും സേവനം ലഭ്യമാകും. വാഹനങ്ങൾ എൻ.ആർ.എച്ച്.എം ഫണ്ട് ഉപയോഗിച്ചു വാങ്ങാനാണ് റിപ്പോർട്ടിലെ ശുപാർശ. പ്രവർത്തന ചുമതല മെഡിക്കൽ സർവീസ് കോർപ്പറേഷനായിരിക്കും.

സ്വകാര്യ, സർക്കാർ ഏജൻസികളുടെ സഹായത്തോടെ കൂടുതൽ ആംബുലൻസുകൾ പ്രവർത്തിപ്പിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. താൽപര്യമുള്ള ഏതു ഏജൻസിക്കും പദ്ധതിയുമായി സഹകരിക്കാം. ആംബുലൻസുകളുടെ അറ്റകുറ്റപ്പണി ഈ ഏജൻസികൾക്കായിരിക്കും. പ്രതിഫലം സർക്കാർ നൽകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments