Saturday, April 20, 2024
HomeKeralaകൊലയാളി ഗെയിം മോമോയെ ഒതുക്കാമെന്ന് കേരളാ സൈബര്‍ വാരിയേഴ്സ്

കൊലയാളി ഗെയിം മോമോയെ ഒതുക്കാമെന്ന് കേരളാ സൈബര്‍ വാരിയേഴ്സ്

ലോകത്താകമാനം ഭീഷണി വിതച്ച കൊലയാളി ഗെയിം ബ്ലൂ വെയിലിന് ശേഷം ആശങ്കയുണര്‍ത്തുന്ന മറ്റൊരു ഗെയിമാണ് മോമോ. വാട്സ്‌ആപ്പ് പോലുള്ള പ്രൈവറ്റ് മെസേജിംഗ് ആപ്ലിക്കേഷന്‍ വഴി പ്രചരിക്കുന്ന മോമോ സ്വകാര്യ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തുമെന്നും ഇതുവഴി ഗെയിം കളിക്കുന്നയാളിന്റ ജീവനെടുക്കുമെന്നാണ് ആശങ്ക. എന്നാല്‍ ഇക്കാര്യത്തില്‍ ഭയക്കേണ്ടതില്ലെന്നും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മോമോയില്‍ നിന്നും രക്ഷനേടാമെന്നും ഹാക്കിംഗ് കൂട്ടായ്‌മയായ കേരളാ സൈബര്‍ വാരിയേഴ്സ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മോമോയുടെ ഫോട്ടോയുള്ള വിദേശ നമ്ബറില്‍നിന്ന് ചില വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ വരുന്നെന്നും, ഫോണ്‍ ഹാക്ക് ആയോ എന്ന് പേടിച്ച്‌ ചിലര്‍, ചില സംശയങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കാന്‍ ഞങ്ങളുടെ അടുക്കല്‍ സമീപിക്കുകയുണ്ടായി . ഇതിനെ പറ്റി ഞങ്ങള്‍ക്ക് പറയാനുള്ളത് പൊതുവേ അറിയിക്കുവാനാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. അര്‍ജന്‍റീനയില്‍ ആത്മഹത്യ ചെയ്ത 12 വയസ്സുകാരിയുടെ ഫോണില്‍ ‘മോമോ’ എന്ന കോണ്‍ടാക്‌ടിന്റെ മെസ്സേജുകള്‍ കണ്ടെടുക്കുകയുണ്ടായി. ഇതൊരു വന്‍ വാര്‍ത്തയായി പല വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനുശേഷമാണ് ഇങ്ങനെ ഒരു മോമോ ചലഞ്ച് ലോകമറിയുന്നത്. വാട്സാപ്പില്‍ മോമോ എന്ന് അവകാശപ്പെടുന്ന വിചിത്രമായ ഈ ഫോട്ടോ മിരോദി ഹിയാഷി എന്ന ഒരു കലാകാരി, ജപ്പാനീസ് സ്‌പെഷ്യല്‍ എഫക്‌ട്സ് എന്ന കമ്ബനിക്ക് ഉണ്ടാക്കിയ ശില്പമാണ്. ഈ ശില്‍പ്പത്തെ ‘മദര്‍ ബേഡ്’ എന്ന പേര് നല്‍കി ജപ്പാനിലെ തലസ്ഥാനമായ ടോക്കിയോയിലെ വാനിലാ ഗാലറി എന്ന് ആര്‍ട്ട് ഗാലറിയില്‍ പ്രസിദ്ധീകരിച്ചു.   ശില്‍പത്തിന്റെ പല വശത്തുനിന്നുള്ള ഫോട്ടോയാണ് ഇപ്പോള്‍ മോമോ എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഇങ്ങനെ ഒരു സംഭവം ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പലര്‍ക്കും വിദേശ നമ്ബറില്‍ നിന്ന് വാട്സാപ്പില്‍ മോമോയുടെ ഫോട്ടോ വെച്ച്‌ മെസ്സേജുകള്‍ വരുവാന്‍ തുടങ്ങി. പറയുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും, തുടര്‍ന്ന് മേളില്‍ പറഞ്ഞ ശില്‍പത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിട്ട് ഫോണ്‍ ഇപ്പോള്‍ ഹാക്ക് ചെയിതെന്നും, നിങ്ങളും, നിങ്ങളുടെ ഫോണും ഞങ്ങളുടെ കണ്‍ട്രോളില്‍ ആണെന്ന് പറഞ്ഞ് പേടിപ്പിക്കുകയും, വാട്സആപ്പ് ചാറ്റുകള്‍ എടുത്താനും, ഫോട്ടോസ് ലീക്ക് ചെയ്യുമെന്നും, പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് പറഞ്ഞു ചിലര്‍ ചില സ്ക്രീന്‍ഷോട്ട് മായി ഞങ്ങളെ സമീപിച്ചു. ഇത് നിങ്ങളെ പറ്റിക്കുവാന്‍ വേണ്ടി ആരോ ചെയ്യുന്ന പരിപാടിയാണ്. വോയിപ്പ് ഉപയോഗിച്ച്‌, വിദേശ നമ്ബറില്‍ ഇത്തരം പരിപാടികള്‍ ആര്‍ക്കുവേണമെങ്കിലും ചെയാം. രണ്ടാമത്തെ കാര്യം അവര്‍ അയച്ച്‌ തരുന്ന ഫോട്ടോ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടില്ല. അഥവാ, എന്തെങ്കിലും ഒരു കോഡ് മോമോയുടെ ഫോട്ടോയില്‍ ബൈന്‍ഡ ചെയ്തയച്ചാലും, ബൈന്‍ഡഡ് ഇമേജ് ഫയല്‍ ആന്‍ഡ്രോയിഡ് ഡിവൈസില്‍ പ്രവര്‍ത്തിക്കില്ല. അതുകൊണ്ട്, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന ആശങ്ക ഒഴിവാക്കാം മോമോഒരു ഗെയിം അപ്ലിക്കേഷന്‍ ആണെന്ന് തെറ്റിദ്ധരിച്ച്‌ പലരും മോമോ എന്ന പേരിലുള്ള എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ട്. ഇതിനു മുമ്ബ് പ്രചരിച്ച ബ്ലൂ വെയില്‍ ഗെയിമിനും പല എ.പി.കെ ഇന്‍സ്‌റ്റലേഷന്‍ ഫയല്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ചു. ഇത്തരം എ.പി.കെ ഫയല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ പറ്റുകയുള്ളൂ. ഇത്തരം എ.പി.കെ ഫയലില്‍ റാറ്റ് വൈറസ് (Remote Administration Tool) ബൈന്‍ഡ് ചെയ്ത് ആയിരിക്കാം. അത് ഇന്‍സ്‌റ്റാള്‍ ചെയ്ത് ഫോണില്‍ പെര്‍മിഷന്‍ കൊടുത്താല്‍, ഫോണ്‍ ഹാക്കറിനു കണ്‍ട്രോള്‍ ചെയാം. ബ്ലൂ വെയില്‍ ചലഞ്ച് വന്ന സമയത്ത്, blue whale എന്ന എ.പി.കെ ഫയല്‍ പ്രചരിച്ചിട്ടുണ്ടായിരുന്നു. അതുപോലെ ഉടന്‍, മോമോ എന്ന പേരില്‍ എ.പി.കെ ഫയല്‍ വരുവാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട്, ഇത്തരം എ.പി.കെ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. പിന്നെ, മോമോ ബ്ലൂ വെയില്‍ എന്ന കൊലയാളി ഗെയിം ഉള്ളതുകൊണ്ടല്ലേ ചിലര്‍ ആത്മഹത്യ ചെയ്തത് എന്ന് ചോദിച്ചാല്‍. ആയിരിക്കും.. പക്ഷെ ഹാക്ക് ചെയ്തിട്ട് ആവില്ല… പകരം, ഇരയുടെ ചിന്തകളെ മാനിപ്പുലേറ്റ് ചെയ്‌തും, ഹാക്ക് ചെയ്‌തു എന്ന് പറഞ്ഞു പേടിപ്പിച്ചു, മാനസികപരമായി അവരെ ചാറ്റ് ചെയ്ത് വശത്താക്കിയും ആവണം ആത്മഹത്യ ചെയ്യിപ്പിച്ചത്. ഇത്തരം നമ്ബറില്‍ നിന്ന് മെസ്സേജ് വന്നെന്നു കരുതി ആശങ്കപ്പെടേണ്ടതില്ല. ഫോട്ടോ അയച്ചിട്ട്, ഹാക്ക് ചെയ്തു എന്ന് പറഞ്ഞാല്‍ പേടിക്കേണ്ടതില്ല. ഇതിന്റെ പേരില്‍ പ്രചരിക്കുന്ന എ.പി.കെ ഫയല്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാതിരിക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments